ചാനല്‍ ചര്‍ച്ചയില്‍ വസ്തുതാ വിരുദ്ധമായ വാദങ്ങള്‍ ഉന്നയിച്ച സന്ദീപ് വാര്യരുടെ വായടപ്പിച്ച മറുപടിയുമായി എം സ്വരാജ് എംഎല്‍എ. “ഏത് കുളത്തിന്റെ ഏതുവശത്തുകൂടി പോയാലും ചാണകക്കുഴിയില്‍ വീഴില്ല”, സന്ദീപ് വാര്യര്‍ക്ക് എം സ്വരാജിന്റെ മറുപടി

ചാനല്‍ ചര്‍ച്ചയില്‍ വസ്തുതാ വിരുദ്ധമായ വാദങ്ങള്‍ ഉന്നയിച്ച സന്ദീപ് വാര്യരുടെ വായടപ്പിച്ച മറുപടിയുമായി എം സ്വരാജ് എംഎല്‍എ. ജീവിതത്തിലൊരിക്കലും ചാണകക്കുഴിയില്‍ വീഴില്ല എന്ന് അദ്ദേഹം സന്ദീപിനോടായി പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് എന്ന ചര്‍ച്ചയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.

നിലമ്പൂര്‍ മണ്ഡലത്തില്‍നിന്ന് സ്വരാജിന്റെ സുഹൃത്തായ ഒരാള്‍ തനിക്ക് മെസ്സേജ് അയച്ചു എന്നുപറഞ്ഞാണ് സന്ദീപ് വാദം ആരംഭിച്ചത്. ഇവിടെ ഉപ്പുകുളം എന്ന സ്ഥലത്ത് ഒരു ആര്‍എസ്എസ് ശാഖയില്‍ സ്വരാജ് പങ്കെടുത്തിട്ടുണ്ട് എന്നും ആര്‍എസ്എസിന്റെ പ്രാര്‍ഥന ചൊല്ലുകയും ചെയ്തിട്ടുണ്ടെന്നും ഈ മെസ്സേജില്‍ പറയുന്നു എന്നും സന്ദീപ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പില്ല എന്നുപറഞ്ഞ് മുന്‍കൂര്‍ജാമ്യമെടുക്കാനും അദ്ദേഹം മറന്നില്ല. പല മഹാന്മാരും സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനാണ് പിന്നീടുള്ള വാദത്തില്‍ സന്ദീപ് ശ്രമിച്ചത്.

 

സന്ദീപ് പറഞ്ഞതിനെല്ലാം എം സ്വരാജ് അക്കമിട്ട് മറുപടി പറഞ്ഞു. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയതില്‍ നിയമനടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. ഒരു സുപ്രിംകോടതി വിധിക്കെതിരെ താന്‍ പ്രസ്താവന നടത്തിയപ്പോഴും സമാന അവസ്ഥയുണ്ടായി. എന്നാല്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട, ഇത് പാര്‍ട്ടി വേറെയാണെന്ന് സ്വരാജ് സന്ദീപിനെ ഓര്‍മപ്പെടുത്തി. ഉപ്പുകുളം എന്ന ഒരു സ്ഥലം തന്റെ നാട്ടില്‍ ഇല്ലെന്നും ഏത് കുളത്തിന്റെ വശത്തുകൂടി പോയാലും ജീവിതത്തിലൊരിക്കലും താന്‍ ചാണകക്കുഴിയില്‍ വീഴില്ല എന്നും പറഞ്ഞാണ് സ്വരാജ് അവസാനിപ്പിച്ചത്.

 

 

Top