നേപ്പാള്‍ അവകാശവാദം ഉന്നയിച്ച ഇന്ത്യന്‍ പ്രദേശം ലിപുലേഖിലൂടെ ചൈനീസ് സൈന്യം നീങ്ങി

നേപ്പാള്‍ അവകാശവാദം ഉന്നയിച്ച ഇന്ത്യന്‍ പ്രദേശമായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് മേഖലയിലൂടെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നീങ്ങിയതായി റിപ്പോര്‍ട്ട്. ഒരു ബറ്റാലിയന്‍ സൈനികരെ പിഎല്‍എ ഈ വഴി കൊണ്ടുപോയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനസസരോവര്‍ തീര്‍ത്ഥാടക റൂട്ടായ ലിപുലേഖ് മേഖലയില്‍ ഇന്ത്യയുടെ റോഡ് നിര്‍മ്മാണത്തെ എതിര്‍ത്ത നേപ്പാള്‍, ഇത് തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യ 1962ലെ യുദ്ധ സമയത്ത് കയ്യടക്കിയതാണെന്നും ആരോപിച്ചിരുന്നു. 80 കിലോമീറ്റര്‍ റോഡാണ് ഇന്ത്യ ഇവിടെ നിര്‍മ്മിക്കുന്നത്.

ലിപുലേഖിലൂടെ സൈനികരെ കൊണ്ടുപോയതിലൂടെ ചൈന, ഇന്ത്യക്ക് വ്യക്തമായ സന്ദേശം നല്‍കുകയാണെന്ന് ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇന്ത്യ ചൈനീസ് സൈന്യത്തിന് തുല്യമായ സൈനിക വിന്യാസം മേഖലയില്‍ നടത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിനൊപ്പം നേപ്പാള്‍ സൈന്യത്തിന്റെ നീക്കങ്ങളും ആര്‍മി നിരീക്ഷിച്ചുവരുകയാണ്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യന്‍ പ്രദേശങ്ങളിലാണ് നേപ്പാള്‍ അവകാശവാദമുന്നയിച്ചത്. ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രംഗത്തെത്തിയിരുന്നു. ഈ മൂന്ന് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച മാപ്പ് നേപ്പാള്‍ ഇറക്കുകയും ഇതിനായുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന-നേപ്പാള്‍ ട്രൈ ജംഗ്ഷന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇന്ത്യയിലേയും ചൈനയിലേയും നിയന്ത്രണരേഖയ്ക്ക് സമീപമുള്ളവര്‍ പരസ്പരം വര്‍ഷത്തിലൊരിക്കല്‍ ബാര്‍ട്ടര്‍ വ്യാപാരം നടത്തുന്ന മേഖലയാണ് ലിപുലേഖ്.

കിഴക്കന്‍ ലഡാക്കില്‍ പരസ്പര ധാരണ പ്രകാരം സംഘര്‍ഷമേഖലകളില്‍ നിന്ന് ഇരു സൈന്യങ്ങളും പിന്മാറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണിത്. മിക്കയിടങ്ങളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഇരു സൈന്യങ്ങളും മിക്കയിടങ്ങളില്‍ നിന്നും പിന്മാറി എന്നാണ് ചൈനീസ് വിദേശകാര്യ വക്താ്വ്ന് പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പരസ്പര ധാരണ പ്രകാരമുള്ള പിന്മാറ്റം പൂര്‍ത്തിയാക്കുന്നതില്‍ ചൈനയില്‍ നിന്ന് ആത്മാര്‍ത്ഥമായ നടപടി പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലിപുലേഖ് പാസിന് സമീപവും ഉത്തര സിക്കിം, അരുണാചല്‍ അതിര്‍ത്തികളിലും ചൈന സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ പലയിടങ്ങളില്‍ നിന്നും പിന്മാറിയിട്ടുണ്ടെങ്കിലും ചൈനീസ് സൈന്യം ഏത് നിമിഷവും തിരിച്ചുവരുമെന്ന വിലയിരുത്തലില്‍ ജാഗ്രതയിലാണ് ഇന്ത്യന്‍ ആര്‍മി. ഗാല്‍വാന്‍ താഴ് വരയിലെ പിപി 14 (പട്രോളിംഗ് പോയിന്റ്), ഹോട്ട് സ്പ്രിംഗ്സിലെ പിപി 15, 16 എന്നിവയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ടെങ്കിലും ഗോഗ്രയിലെ പിപി 17ല്‍ അവര്‍ തുടരുന്നുണ്ട്.

Top