നിഷ്കളങ്കരായ പി എസ് സി ഉദ്യോഗാർത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടു നടത്തുന്ന പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നാടകങ്ങളാണെന്ന് തിരിച്ചറിയണം ; കണക്കുകൾ കള്ളം പറയില്ല, ഡാറ്റാ പരിശോധിച്ച് സത്യം മനസിലാക്കുക – എം ബി രാജേഷ് ട്രൂ സ്റ്റോറിയിൽ

പി എസ് സിയെയും ഇടതുപക്ഷ സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനായി മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന വ്യാജ വാർത്താ പ്രചാരണങ്ങൾ വഴി സാധാരണക്കാരായ ഉദ്യോഗാർത്ഥികളിൽ തെറ്റിധാരണ ഉളവാക്കുന്നതിൽ കോൺഗ്രസ്സും ബിജെപിയും ഒരു പരിധിവരെ വിജയിച്ചു കഴിഞ്ഞു. നിഷ്കളങ്കരായ ഉദ്യോഗാർത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടു നടത്തുന്ന പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ നാടകങ്ങളാണെന്നുള്ള തിരിച്ചറിവാണ് പലർക്കും ഇല്ലാതെപോകുന്നത്. ഇടതു ഭരണകാലത്തെ നിയമനങ്ങൾ സംബന്ധിച്ചുള്ള അസത്യപ്രചരണങ്ങൾ നടത്തുന്ന കോൺഗ്രസ്‌ നേതൃത്വം സ്വന്തം ഭരണ കാലത്തിന്റെ ഓർമ്മകൾ സൗകര്യപൂർവം മറന്നു എന്നുവേണം കരുതാൻ. അഴിമതികളുടെ കുത്തൊഴുക്ക് കണ്ട കാലഘട്ടമായിരുന്നു ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലഘട്ടം. പിൻവാതിൽ നിയമനങ്ങൾ അനേകം നടന്നതായി തെളിഞ്ഞു കഴിഞ്ഞു. പോലീസ് സേനയിലേക്ക് നിയമന തട്ടിപ്പിന്‌ സഹായംചെയ്‌തത്‌ ചെന്നിത്തലയുടെ ഓഫീസ്‌ ആണെന്നും ആക്ഷേപമുയർന്നിരിന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2011 മുതൽ 2014 വരെ സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ റാങ്ക്‌ലിസ്‌റ്റുപോലും നിലവിലുണ്ടായിരുന്നില്ല എന്ന വസ്തുത പലരും മറന്നുകഴിഞ്ഞു. ഈ സാഹചര്യം മുതലെടുത്ത്‌ ഉന്നതരുടെ പിന്തുണയോടെ നിയമനത്തട്ടിപ്പ്‌ നടത്തിയവരാണ്‌ ഇപ്പോൾ ഇടതുപക്ഷ സർക്കാരിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.”പൊലീസ്‌ സേനയിൽ നിയമനം നൽകാമെന്ന്‌ പറഞ്ഞ്‌ ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്‌ത 32 കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുകയാണ്‌. നാൽപ്പത്തഞ്ചോളം പേരിൽനിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയതായി ഇതുവരെയുള്ള അന്വേഷണത്തിൽ വെളിവായിട്ടുണ്ട്‌ ” എന്ന് 2015ൽ രമേശ്‌ ചെന്നിത്തല പറഞ്ഞത് ഇതിനുള്ള തെളിവാണ്. കണക്കുകളിലൂടെ സത്യത്തെ തിരിച്ചറിയാം :- 1) സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന്‌ റാങ്ക്‌ ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാൽ വ്യക്തം. യുഡിഎഫ്‌ നൽകിയതിന്റെ ഇരട്ടിയിലേറെ നിയമനം എൽഡിഎഫ്‌ സർക്കാർ നൽകി. യുഡിഎഫ്‌ 4796 പേർക്ക്‌ നിയമനശുപാർശ അയച്ചപ്പോൾ എൽഡിഎഫ്‌ 11,268 പേർക്ക്‌ നിയമനം നൽകി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സിവിൽ പൊലീസ്‌ തസ്തികയിലേക്ക്‌ നിലവിലുണ്ടായിരുന്നത്‌ ഒരു റാങ്ക്‌ ലിസ്റ്റാണ്‌ (കാറ്റഗറി നമ്പർ: 250/2011). 2014 സെപ്‌തംബർ രണ്ടിന്‌ ആറ്‌ ബറ്റാലിയന്റെയും സെപ്‌തംബർ 11ന്‌ കെഎപി 3 (പത്തനംതിട്ട) ബറ്റാലിയന്റെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏഴ്‌ ബറ്റാലിയനിലുമായി പിഎസ്‌സി നിയമനശുപാർശ അയച്ചത്‌ 4796 പേർക്ക്‌. എൽഡിഎഫ്‌ അധികാരത്തിൽവന്നശേഷം രണ്ട്‌ റാങ്ക്‌ലിസ്റ്റ്‌ നിലവിൽവന്നു. ഒന്നിന്റെ റാങ്ക്‌ ലിസ്റ്റ് 2016 ജൂൺ 21നും 657/2017ന്റെ ലിസ്റ്റ് 2019 ജൂലൈ ഒന്നിനും പ്രസിദ്ധീകരിച്ചു. ഈ രണ്ട്‌ റാങ്ക്‌ ലിസ്റ്റുകളിൽനിന്നും യഥാക്രമം 5667 പേർക്കും 5601 പേർക്ക്‌ നിയമനം നൽകി. മറ്റൊരു പരീക്ഷയ്‌ക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്‌. ഓരോ ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ നിലവിലുള്ള ബറ്റാലിയൻ മുഖേനയാണ്‌ നികത്തുന്നത്‌. ഓരോ മാസവും കുറച്ചുപേർ ഇത്തരത്തിൽ അവരവരുടെ ജില്ലയിലേക്ക്‌ പോകും. അതനുസരിച്ച് ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട്‌ ചെയ്യും. 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്‌തികയ്‌ക്ക്‌ സർക്കാർ തുടർച്ചാനുമതി നൽകി. ഇതനുസരിച്ച്‌ ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക് നീക്കിവച്ച 154 എണ്ണമൊഴികെ 1046 ഒഴിവും റിപ്പോർട്ട്‌ചെയ്‌തു. ഇതുൾപ്പെടെ 1947 അഡ്വൈസ്‌ പിഎസ്‌സി അയച്ചു. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ജൂൺ 30ന് ശേഷമാണ്‌ ഇതിൽ 1445 അഡ്വൈസും അയച്ചത്‌. 2)സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതമെന്ന്‌ രേഖകൾ വ്യക്തമാക്കുന്നു. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികകളിലേക്ക്‌ കഴിഞ്ഞ നാലുവർഷത്തിനിടെ നടത്തിയ നിയമനങ്ങളിൽ മഹാഭൂരിപക്ഷവും എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചുകൾ വഴി‌. പതിനായിരങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌. നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസ്‌ വഴി 43,842 പേർക്ക്‌ ജോലി നൽകിയതായി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.‌ ഐടിഐകൾ നടത്തിയ തൊഴിൽമേളയിലൂടെ 14,420 പേർക്കും പ്ലേസ്‌മെന്റ്‌ സെൽവഴി 8598 ഐടിഐ ട്രെയിനികൾക്കും തൊഴിൽ നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തേതിന്റെ മൂന്നിലൊന്ന്‌ താൽക്കാലിക ജീവനക്കാർ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ 2011–-12ൽ 31,899 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്നു. 2020–-21ൽ ഇത്‌ 11,674 മാത്രമാണ് എന്ന വസ്തുത മറക്കരുത്. നിയമസഭയിൽ കോൺഗ്രസ്‌ എം എൽ അ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരമാണ് പിണറായി വിജയൻ നൽകിയത്. യുഡിഫ് സർക്കാർ 3 വർഷം കൊണ്ട് നൽകിയ നിയമങ്ങളെക്കാൾ 9000ലേറെ നിയമങ്ങൾ 3 വർഷങ്ങൾകൊണ്ട് ഇടതുപക്ഷ സർക്കാർ നൽകി. നിയമസഭ രേഖകളിൽ അതിനുള്ള തെളിവുകൾ ഉണ്ട് എൽ ഡി എഫിന്റെ 4 വർഷത്തെ കണക്കുകൾ ചുവടെ :- * 2016 മുതൽ 2020 april 30 വരെ – നിയമനം ലഭിച്ചത് 133132 ആളുകൾക്കാണ്. ( ശരാശരി പ്രതിവർഷം 33283 ആളുകൾക്ക് നിയമനം. ) യുഡിഫിന്റെ 4 വർഷത്തെ കണക്കുകൾ := *2011 ജൂൺ മുതൽ 2015 ജൂൺ 4 വരെ – നിയമനം ലഭിച്ചത് 123104 ആളുകൾക്കാണ്. കണക്കുകളിൽ നിന്ന് വ്യക്തമാണ് 4 വർഷ കണക്കെടുക്കുമ്പോൾ യുഡിഫ് സർക്കാർ നല്കിയതിനേക്കാൾ 10028 അധിക നിയമങ്ങൾ ഇടതുപക്ഷ സർക്കാർ നൽകി. ഇത് രേഖകളിൽ തെളിവായി ഉണ്ട്. മറ്റൊന്നുകൂടി മനസ്സിലാക്കണം കടുത്ത സാമ്പത്തിക ഞെരുക്കത്തിലും 2 പ്രളയവും നിപ്പയും ഓഖിയും കോറോണയും വന്നെങ്കിലും 16508 അധിക തസ്തികകൾ എൽ ഡി എഫ് സർക്കാർ സൃഷ്ടിച്ചു. ഇതൊന്നും പ്രതിപക്ഷവും മാധ്യമങ്ങളും പറയില്ല. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പിൽ 5985 ഉം പോലീസിൽ 4983 ഉം ഹയർ സെക്കൻഡറിയിൽ 3540ഉം നീതി ന്യായ വകുപ്പിൽ 1990 എന്നിങ്ങനെയാണ് അധികമായി സൃഷ്‌ടിച്ച തസ്തികകളുടെ കണക്ക്. ഈ ലോക്ക് ഡൌൺ കാലത്തും പി എസ് സി 10054 പേർക്ക് അഡ്വാൻസ് മെമോ നൽകി. എയ്ഡഡ് സ്കൂളുകളിലേക്ക് 4 വർഷത്തിൽ 18119 നിയമനം നടത്തിയതും എടുത്ത് പറയേണ്ടതാണ്. കണക്കുകൾക്ക് എല്ലാം വ്യക്തമായ തെളിവുകൾ ഉണ്ട്. ജനങ്ങൾക്ക് വിവരാവകാശം വഴിയും ഇതെല്ലാം അറിയാൻ സാധിക്കും. ഉമ്മൻചാണ്ടി ഭരണത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റിയത്‌ പതിമൂന്നായിരത്തിലധികം സ്വന്തക്കാരെയാണെന്നുള്ള കണക്കുകൾ മാധ്യമങ്ങൾ എന്തുകൊണ്ട് തുറന്ന് കാണിക്കുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പ്രധാന പദവികളിൽ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെയും അനുയായികളെയും ഘടകകക്ഷികളുടെ നോമിനികളെയുമാണ്‌ നിയമിച്ചത്‌. പല നിയമനങ്ങളും യോഗ്യതാമനദണ്ഡങ്ങൾ പാലിക്കാതെയും അർഹരെ തഴഞ്ഞുമായിരുന്നു. സത്യം ജനങ്ങൾ തിരിച്ചറിയണം. കോൺഗ്രസ്സിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നാടകത്തിനു ഇരയാവാതെ സ്വതന്ത്രമായി ചിന്തിച്ചു ഡാറ്റാ പരിശോധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കണം.

പി എസ് സി നിയമന വിവാദം - സത്യം പറയുന്ന രേഖകളും കണക്കുകളും സഖാവ് എംബി രാജേഷ്  സംസാരിക്കുന്നു
Posted by Bineesh Kodiyeri on Saturday, 1 August 2020

Top