വിദേശമദ്യമെന്ന പേരില്‍ കട്ടന്‍ ചായ; ലിറ്ററിന് 900 രൂപ നല്‍കി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കള്‍

വിദേശമദ്യമെന്ന പേരില്‍ കുപ്പിയിലാക്കിയ കട്ടന്‍ ചായ വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കള്‍. കൊല്ലം അഞ്ചാലുംമൂട്ടിലെ ഒരു ബാറിന് സമീപം വച്ച്‌ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. വൈകിട്ട് അഞ്ച് മണിയോടെ രണ്ട് യുവാക്കള്‍ മദ്യം വാങ്ങാനെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ബാര്‍ അടച്ചിരുന്നു. ഇതിനിടെ ഗേറ്റിനകത്ത് കണ്ട രണ്ട് ആളുകളോട് മദ്യം കിട്ടുമോയെന്ന് തിരക്കി. പണം വാങ്ങിയ ശേഷം ബാറിന് മുന്നിലേക്ക് വരാനാണ് ഇവര്‍ പറഞ്ഞത്.

ആവശ്യപ്പെട്ടതനുസരിച്ച്‌ 900 രൂപയും നല്‍കി മദ്യം വാങ്ങാനായി യുവാക്കള്‍ കാത്തു നിന്നു. പറഞ്ഞതു പോലെ പണം വാങ്ങിയവര്‍ കുപ്പിയുമായി എത്തുകയും യുവാക്കള്‍ക്ക് നല്‍കുകയും ചെയ്തു. ബാറില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ആളുകള്‍ മദ്യം വാങ്ങി മടങ്ങുന്നത് കണ്ടതിനാല്‍ സംശയിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല.. കൗണ്ടര്‍ അടച്ച്‌ പോയതിനാല്‍ ജീവനക്കാര്‍ കുപ്പി പുറത്തു കൊണ്ടു തരുകയാണെന്നാണ് ആ സമയം അവര്‍ വിശ്വസിച്ച്‌ പോയത്. കുപ്പി കിട്ടിയ സന്തോഷത്തില്‍ മടങ്ങിയ യുവാക്കള്‍ അത് പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് ‘ചതി’ തിരിച്ചറിഞ്ഞത്. പറഞ്ഞ തുകയും കൊടുത്ത് കാത്തിരുന്ന് വാങ്ങിക്കൊണ്ടു വന്നത് കട്ടന്‍ചായ !!!

യുവാക്കള്‍ നല്‍കിയ പരാതി പ്രകാരം എക്സൈസ് സംഘം സ്ഥലത്തെത്തി ബാറില്‍ പരിശോധന നടത്തി. പറ്റിക്കപ്പെട്ട യുവാക്കള്‍ക്കൊപ്പം എത്തിയായിരുന്നു പരിശോധന. സിസിറ്റിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ ‘ചതിച്ചത്’ ബാര്‍ ജീവനക്കാരല്ലെന്ന് തെളിയുകയായിരുന്നു. യുവാക്കളെ പറ്റിച്ച ആളുകളെ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പറ്റിക്കലായതിനാല്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് എക്സൈസ് സംഘം.

Top