മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

ആത്മഹത്യയ്ക്ക് മുമ്ബുള്ള ആഴ്ചകളില്‍ നടന്‍ സുശാന്ത് സിങ് രജ്പുത് ​ആവര്‍ത്തിച്ച്‌ തന്റെ പേര് ഗുഗിളില്‍ തിരഞ്ഞിരുന്നെന്ന് പൊലീസ്. താനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കണ്ടെത്താന്‍ ആയിരുന്നു ഇതെന്ന് മുംബൈ പൊലീസ് കമ്മീഷ്ണര്‍ സഞ്ജയ് ബ്രാവേ പറഞ്ഞു.

സുശാന്തിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേരും മാനസിക പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ​ഗു​ഗിളില്‍ തിരഞ്ഞിരിന്നെന്ന് കണ്ടെത്തി.

വേദനയില്ലാത്ത മരണം, സ്‌കിസോഫ്രീനിയ (പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം), ബൈപോളാര്‍ ഡിസോഡര്‍ എന്നിവയെക്കുറിച്ചും നടന്‍ തിരഞ്ഞിരുന്നെന്ന് സഞ്ജയ് ബ്രാവേ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബുള്ള രാത്രിയില്‍ രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി തന്റെ പേര് അദ്ദേഹം ഗുഗിളില്‍ തിരഞ്ഞിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

കലിന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. നടന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിചിതമായ അക്കൗണ്ടുകളിലേക്കാണ് പണമിടപാടുകള്‍ നടന്നതെന്നും കഴിഞ്ഞ വര്‍ഷം ട്രാന്‍സ്ഫര്‍ ചെയ്തതില്‍ ഏറ്റവും കൂടിയ തുകയായ 2.8 കോടി രൂപ ജിഎസ്ടിക്ക് വേണ്ടിയായിരുന്നെന്നും ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു.

Top