ഊട്ടിയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം

നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു. ആദ്യഘട്ടമായി ഹോർട്ടികൾചർ വിഭാഗത്തിനു കീഴിലുള്ള ഊട്ടി സസ്യോദ്യാനം, റോസ് ഗാർഡൻ, ടി പാർക്ക്, കുനൂർ സിംസ് പാർക്ക്, കാട്ടേരിയിലെ ഉദ്യാനം എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളോടെ ഇന്നു മുതൽ പ്രവേശനം തുടങ്ങും. വിനോദസഞ്ചാരത്തിനു വരുന്നവർക്ക് ഇ പാസ് വേണം. ടൂറിസത്തിനായി പ്രത്യേക ഇ പാസാണു വേണ്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സന്ദർശകർക്കു ബാധകമാണെന്നു കലക്ടർ ജെ. ഇന്നസന്റ് ദിവ്യ അറിയിച്ചു.

പരിമിതമായി മാത്രമേ പാസ് അനുവദിക്കുകയുള്ളുവെന്നും കലക്ടർ വ്യക്തമാക്കി. ആറു മാസത്തോളമായി അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാര മേഖല തുറക്കുന്നതും കാത്തിരിക്കുകയാണ് ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്നവർ. ഹോട്ടൽ, റിസോർട്, ബേക്കറി, ടൂറിസ്റ്റ് ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ തുടങ്ങി വഴിയോരക്കച്ചവടക്കാർ വരെ ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്നത്. ഇതിൽ നല്ലൊരു വിഭാഗം മലയാളികളാണ്.

വിനോദസഞ്ചാര മേഖലയുടെ ഉണർവിന് ഇനിയും മാസങ്ങൾ വേണ്ടിവരുമെങ്കിലും നിലവിൽ ലഭിക്കുന്ന ഇളവുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ. അതേസമയം, ജില്ലയിൽ കോവിഡ് വ്യാപനം ഇതുമൂലം കൂടുമെന്നുള്ള ആശങ്കയും നിലനിൽക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്താൻ തുടങ്ങിയാൽ മാത്രമേ മേഖലയിൽ ഉണർവുണ്ടാവുകയുള്ളു.

Top