സര്‍വത്ര അഴിമതി..!!! വ്യാജ ചെക്ക് നല്‍കി രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്തു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വ്യാജ ചെക്കുകള്‍ ഉപയോഗിച്ച്‌ ആറ് ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് തവണയായാണ് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചത്. മൂന്നാം തവണ 9.86 ലക്ഷം രൂപ പിന്‍വലിക്കാന്‍ ചെക്ക് നല്‍കിയപ്പോള്‍ ബാങ്ക് അധികൃതര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട്‌റായിയെ സ്ഥിരീകരണത്തിനായി വിളിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്. യുപി പൊലീസ് അന്വേഷണമാരംഭിച്ചു.

ഈ മാസം ഒന്നിന് 2.5 ലക്ഷം രൂപയും മൂന്നിന് 3.5 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. ലക്‌നൗവിലെ 2 ബാങ്കുകളില്‍ ചെക്കു നല്‍കിയാണ് തട്ടിപ്പു നടത്തിയത്. പിന്‍വലിച്ച പണം പഞ്ചാബ് നാഷനല്‍ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ 9.86 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതോടെയാണ് ചംപട് റായിയെ ബാങ്കുകാര്‍ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ പരാതിയില്‍ കേസെടുത്തു.

Top