സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കരെയും ആശുപത്രിയില്‍ എത്തി

നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്‌ന അവിടെ നിന്നും നഴ്‌സിന്റെ ഫോണില്‍ നിന്നും നടത്തിയ ഫോണ്‍ വിളികള്‍ സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയില്‍ അവിടെ എംഎല്‍എ അനില്‍ അക്കരെ എത്തിയത് എന്തിനെന്നു എന്‍ഐഎ. എംഎല്‍എ യോട് ആശുപത്രി സന്ദര്‍ശിച്ചതിന്റെ കാരണം ആരാഞ്ഞതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സ്വപ്‌നസുരേഷിനെ നെഞ്ചു വേദനയെ തുടര്‍ന്നും കേസിലെ കൂട്ടുപ്രതി കെ ടി റമീസിനെ വയറുവേദനയെ തുടര്‍ന്നും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനില്‍ അക്കര എംഎല്‍എ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനില്‍ അക്കരെയുടെ സന്ദര്‍ശനവും അന്വേഷിക്കുന്നത്. എന്നാല്‍ പ്രമുഖരായ മറ്റാരെങ്കിലും ഇവിടെ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി വന്നതാണെന്നാണ് അനില്‍ അക്കരെ നല്‍കിയ മറുപടിയെന്നാണ് റിപ്പോര്‍ട്ട്. സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങളും എന്‍ഐഎ തേടുകയാണ്. സ്വപ്നയുടെ ഫോണ്‍വിളികളെക്കുറിച്ച്‌ മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നതെന്നായിരുന്നു അനില്‍ അക്കരെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തയാളുമായി സ്വപ്‌ന ആശുപത്രിയില്‍നിന്നു ഫോണില്‍ സംസാരിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. ആ ദിവസങ്ങളില്‍ ജോലിയിലുണ്ടായിരുന്ന നഴ്‌സുമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

എന്നാല്‍, സ്വപ്‌ന ആര്‍ക്കും ഫോണ്‍ ചെയ്തില്ലെന്നും പോലീസ് കാവലുണ്ടായിരുന്നെന്നുമാണു നഴ്‌സുമാരുടെ നിലപാട്. നഴ്‌സുമാരുടേ ഫോണ്‍ ഉപയോഗിച്ച്‌ സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം. തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ നമ്ബറില്‍നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ ഫോണിലേക്കു വിളിച്ചെന്നാണു കണ്ടെത്തല്‍.

Top