പ്രതിപക്ഷ നേതാവിന്റെ 25 പേഴ്‌സണൽ സ്റ്റാഫുകൾ കൈപ്പറ്റുന്ന വാർഷിക ശമ്പളം 1.30 – 2.25 കോടി രൂപാ. എന്തിനീ ധൂർത്ത്‌ പ്രതിപക്ഷ നേതാവേ ?

 

 

ഇടതുപക്ഷ സർക്കാരിന്റെ അനാവശ്യ ചിലവെന്ന രീതിയിൽ പാലകണക്കുകളും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കന്മാരും വിളിച്ചുകൂവാറുണ്ട്. പക്ഷെ ഒന്നിൽ പോലും പറഞ്ഞ കാര്യങ്ങൾ സത്യമാകാറില്ല. സർക്കാരിനെ വ്യക്തിഹത്യ ചെയ്യാൻ വേണ്ടി മാത്രമാണ് ഇതുപോലെയുള്ള പൊള്ളയായ ആരോപണങ്ങൾ പ്രതിപക്ഷ നേതാക്കന്മാർ നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ജനമദ്ധ്യത്തിൽ തങ്ങളുടെ പൊള്ളയായ ആരോപണങ്ങൾ ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷം വീണ്ടും എത്തും. ഈ സ്ഥിതി തുടർന്നു വന്നിട്ട് കാലങ്ങളേറെയായി. സർക്കാരിനെതിരെ പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മുൻപന്തിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സർക്കാരിനെതിരെ അനാവശ്യ ചെലവ് ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നതും മലയാളികൾക്ക് അറിവുള്ളതാണ് .മുഖ്യമന്ത്രിയുടെ ഉപേദേശകരുടെ എണ്ണത്തെ കുറിച്ചും രമേശ് ചെന്നിത്തല സ്ഥിരമായി ആരോപണം ഉന്നയിക്കുന്നുണ്ട് .ആ രമേശ് ചെന്നിത്തല സ്റ്റാഫായി നിയമിച്ചിട്ടുള്ളത് 25 പേരെ .വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചപ്പോൾ ആണ് 25 പേഴ്സണൽ സ്റ്റാഫുകൾ രമേശ് ചെന്നിത്തലയ്ക്കുണ്ട് എന്ന വിവരം പുറത്ത് വരുന്നത് .വിവരവാകാശ പ്രവർത്തകൻ രാജു വാഴക്കാല ആണ് ഈ വിവരം അന്വേഷിച്ചത്. 1.30 – 2.25 കോടി രൂപയാണ് പ്രതിപക്ഷ നേതാവിന്റെ 25 പേഴ്‌സണൽ സ്റ്റാഫുകൾ കൈപ്പറ്റുന്ന വാർഷിക ശമ്പളം. എന്തിനാണ് ഈ ധൂർത്ത്‌ ? കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നതിനാണ് ഈ പണം ശമ്പളമായി നൽകുന്നത് എന്നത് മലയാളികൾ മറക്കരുത്.

 

വിവരവകാശത്തിലെ ഒന്നാമത്തെ ചോദ്യം ഇങ്ങനെയാണ് :-

1) ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് എത്ര പേർസണൽ സ്റ്റാഫുകൾ ഉണ്ട് ? ഉത്തരം 25 .

2)ഇവരുടെ പേരും തസ്തികയും ഇവർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എത്രയാണ് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം .16500 -35700 രൂപ ശമ്പള സ്കെയിൽ ഉള്ള ബിജു ജെ എസ് എന്ന കുക്ക് മുതൽ 134500 രൂപ ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സെക്രട്ടറി ഡോ .കെ അമ്പാടി വരെയുള്ളവർ ആണ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിൽ ഉള്ളത് .

3)പേഴ്സണൽ സ്റ്റാഫുകളുടെ ജോലി എന്തൊക്കെയാണ് എന്നതാണ് മൂന്നാമത്തെ ചോദ്യം .
4)ഓരോരുത്തരുടെയും ജോലി തരം തിരിച്ചു തരിക എന്നതാണ് നാലാമത്തെ ചോദ്യം .മൂന്നും നാലും ചോദ്യങ്ങൾക്കുള്ള ഉത്തരം ഇങ്ങനെയാണ് .

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിക്ഷിപ്തമായിട്ടുള്ള ജോലികൾ നിർവഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കുക എന്നതാണ് സ്റ്റാഫുകളുടെ ജോലി .പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെയും ക്യാമ്പ് ഓഫീസിലെയും പ്രതിപക്ഷ നേതാവും പ്രൈവറ്റ് സെക്രട്ടറിയും കാലാകാലങ്ങളിൽ നിര്ദേശിക്കുന്നതിനു അനുസരിച്ചുള്ള വിവിധ ജോലികൾ ആണ് സ്റ്റാഫുകൾ ചെയ്തുവരുന്നത്.ജോലികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ പ്രത്യേക ഉത്തരവുകൾ ഒന്നും ഇറക്കിയിട്ടില്ല .

5) പ്രതിപക്ഷ നേതാവിനു സർക്കാർ ഫയലുകൾ നോക്കാൻ അധികാരമുണ്ടോ എന്നതായിരുന്നു അഞ്ചാമത്തെ ചോദ്യം .ഇല്ല എന്നാണു ഉത്തരം .

6)പ്രതിപക്ഷ നേതാവിന്റെ പ്രതിമാസ ശമ്പളവും മറ്റു ആനുകൂല്യങ്ങളും എത്രയാണ് എന്നതാണ് അടുത്ത ചോദ്യം .2000 രൂപ പ്രതിമാസ ശമ്പളം ഉൾപ്പെടെ 92423 രൂപ ലഭിക്കുന്നു എന്നതായിരുന്നു മറുപടി .

7)പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കാൻ എത്ര മാസം ജോലി ചെയ്താലാണ് അർഹതയുള്ളത് എന്നായിരുന്നു അവസാനത്തെ ചോദ്യം .രണ്ട് വര്ഷം പൂർത്തിയാക്കണം എന്നതായിരുന്നു ഉത്തരം.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന ഇവര്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഹീനമായി വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടരെ ഷെയര്‍ ചെയ്യുന്നത്‌ മലയാളികൾ കണ്ടിട്ടുണ്ട്. മുഴുവന്‍ സമയ സർക്കാർ വിരുദ്ധ പ്രചാരകരായാണ് അവർ പ്രവര്‍ത്തിക്കുന്നത്.അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ഹബീബ് ഖാൻ, മറ്റൊരു സ്റ്റാഫ് അംഗം ജോജു കെ ജെ, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ധന സുമോദ് തുടങ്ങി മിക്കവാറും പേര് ഇത്തരം നിരവധി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന തരം പോസ്റ്റുകള്‍ പോലും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. പുറത്ത് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം ഇവരും ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതും വസ്തുതയാണ്.

വളരെ പ്രസക്തമായ ഒരു ചോദ്യം ഇവിടെയുണ്ട്, സർക്കാർ ഫയലുകൾ നോക്കാൻ ഒരു അധികാരമില്ലാത്ത പ്രതിപക്ഷ നേതാവിന് എന്തിനാണ് വാർഷിക ശമ്പളമായി 2 കോടിയോളം രൂപ ചെലവഴിച്ചു കൊണ്ടുള്ള 25 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ. ഇതിനെയല്ലേ അക്ഷരാർത്ഥത്തിൽ ധൂർത്ത് എന്ന് വിളിക്കാൻ സാധിക്കുക.

Top