“ദേശീയപാതയുടെ വികസനവും ഗെയിൽ പദ്ധതിയും പവർ ഹൈവെയുമൊക്കെ നിശ്ചലമാക്കാൻ പരിശ്രമിച്ചവർ 2021-24 കാലയളവിലേക്കുള്ള പശ്ചാത്തലവികസനത്തെപ്പറ്റി ചിന്തിച്ച് കൂട്ടുന്നത് എന്ത് പ്രഹസനമാണ് ” – ചെന്നിത്തലയേയും യുഡിഫിനെയും തുറന്ന് കാട്ടി മിലാഷ് സി എന്റെ കുറിപ്പ്.

കോൺഗ്രസ്സിന്റെ രാഷ്ട്രീയ നാടകങ്ങൾ കേരള ജനത കാലങ്ങളായി കണ്ടുകൊണ്ടേയിരിക്കുന്നു. നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മുടക്കുക എന്നത് മാത്രമാണ് യുഡിഫിന്റെ പ്രധാന ലക്ഷ്യം.
ദേശീയപാതയുടെ വികസനവും ഗെയിൽ പദ്ധതിയും പവർ ഹൈവെയുമൊക്കെ നിശ്ചലമാക്കാൻ പരിശ്രമിച്ചവർ 2021-24 കാലയളവിലേക്കുള്ള പശ്ചാത്തലവികസനത്തെപ്പറ്റി ചിന്തിച്ച് കൂട്ടുന്നത് എന്ത് പ്രഹസനമാണ് – മിലാഷ് സി എൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ ചോദിക്കുന്നു.

 

മിലാഷ് സി എൻന്റെ പോസ്റ്റ്‌ ചുവടെ :-

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന് നടക്കും. കാസർഗോഡ് തലപ്പാടി മുതൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാടു വരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. കോഴിക്കോട്‌ ബൈപ്പാസ്‌, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും ഇതോടൊപ്പം നടക്കും. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി‌ സർക്കാർ സ്ഥലമേറ്റെടുത്ത് നൽകി വീണ്ടും പുനരുജ്ജീവിപ്പിച്ചെടുത്തത്. മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകളുടെയും നിർമ്മാണം വരുന്ന ആറു മാസങ്ങൾക്കുള്ളിൽ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണ്. മറ്റ് ജില്ലകളിലും സ്ഥലം ഏറ്റെടുക്കൽ ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കാൻ കഴിയും. ഫലത്തിൽ, 2022 ഓടെ കഴക്കൂട്ടം വരെയുള്ള എല്ലാ റീച്ചുകളുടെയും വികസനം സാധ്യമാകും. 2024 ആകുമ്പോഴേക്കും ആറുവരി ദേശീയപാത എന്ന സ്വപ്നം കേരളത്തിൽ സഫലമാകും.

2021-24 വരെയുള്ള കാലയളവിലെ വികസന സങ്കൽപങ്ങൾ എങ്ങനെയാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചിന്തകൾ വായിക്കാനിടയായത് ഇപ്പോഴാണ്. കേരളം നേരിടുന്ന വലിയ വെല്ലുവിളിയായി വൈകിപ്പോയ പശ്ചാത്തലവികസനം അതിൽ പറഞ്ഞത് വായിച്ച് ചിരി വന്നു. ആദ്യം പറഞ്ഞ ദേശീയപാതാവികസനം ഇത്രയും വൈകിച്ച 2011-16 കാലയളവിലെ മന്ത്രിസഭയിലെ ഒരംഗം വൈകിപ്പോയ പശ്ചാത്തലവികസനത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് കണ്ടാൽ ആർക്കാണ് ചിരിവരാത്തത്. ദേശീയപാതയുടെ വികസനം മാത്രമല്ല, ഗെയിൽ പദ്ധതിയും പവർ ഹൈവെയുമൊക്കെ നിശ്ചലമാക്കിയവർ 2021-24 കാലയളവിലേക്കുള്ള പശ്ചാത്തലവികസനത്തെപ്പറ്റി ചിന്തിച്ച് കൂട്ടുന്നത് എന്ത് പ്രഹസനമാണ്. കമ്പിയുടെ പൊടിപോലും കാണാൻ കഴിയാത്ത പാലാരിവട്ടം പാലത്തിന്റെ ക്രോസ് സെക്ഷനല്ലേ ഇവരുടെ പശ്ചാത്തലവികസനത്തിന്റെ പ്രതീകം.

അദ്ദേഹം മുന്നോട്ടു വെക്കുന്ന വികസന സങ്കൽപ്പങ്ങൾ ആമുഖത്തിൽ ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. “ആരോഗ്യസംവിധാനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഏറ്റ തിരിച്ചടികൾ, സാമൂഹികസുരക്ഷയ്ക്കായി ഒരുക്കേണ്ട അടിസ്ഥാനവരുമാന പദ്ധതികളടക്കമുള്ള സുരക്ഷാവലയം, വിദ്യാഭ്യാസരംഗത്ത് വേണ്ടതായ മാറ്റങ്ങൾ, വികസനത്തിൽ ഹരിത ഊർജം, പ്ളാസ്റ്റിക് നിർമാർജനം, കാർബൺ കാൽപ്പാദവ്യാപ്തി കുറയ്ക്കൽ, ഇ-വാഹനങ്ങൾ പ്രചരിപ്പിക്കൽ ഊർജിതമാക്കൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള ത്വരിതമായ മാറ്റം, പരിസ്ഥിതിയിലും ‘ഏക ആരോഗ്യം’ സങ്കല്പത്തിലൂന്നിയ പരിസ്ഥിതിസന്തുലിതവികസനം എന്നിവ ഇതിനാവശ്യമായ മുഖ്യസങ്കേതങ്ങളാണ്.”

ആശയങ്ങൾ കൊള്ളാം ചെന്നിത്തലജീ. പക്ഷെ, ഒരു പ്രശ്നമുണ്ട്. അത് മനസിലാക്കാൻ പിണറായി സർക്കാർ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ നാൽപത് ദിവസങ്ങളിൽ കേരളത്തിൽ പൂർത്തിയാക്കിയതോ തുടക്കമിട്ടതോ ആയ പദ്ധതികളൊന്ന് നോക്കിയാൽ മതി. 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയതിന്റെ പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. പ്രാഥമികതലം മുതൽ ആരോഗ്യപരിരക്ഷയുടെ അലകും പിടിയും മാറ്റുന്ന പ്രവർത്തനങ്ങൾ മിഷൻ മോഡിൽ നടപ്പിലാക്കുന്ന സ്ഥലത്താണ് ആരോഗ്യസംവിധാനത്തിലെ തിരിച്ചടിയെക്കുറിച്ച് ചെന്നിത്തലജീ പറയുന്നത്. നൂറിന പരിപാടികളുടെ ഭാഗമായി ക്ഷേമപെൻഷനുകൾ 1400 രൂപയാക്കി പ്രതിമാസം നൽകുകയും സൗജന്യഭക്ഷ്യക്കിറ്റ് ലഭ്യമാക്കുകയും ചെയ്യുന്നയിടത്താണ് സാമൂഹ്യസുരക്ഷാനടപടികൾക്ക് തിരിച്ചടിയേറ്റെന്ന് പറയുന്നത്. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ വേണമെന്ന് പറയുന്നതല്ലാതെ എന്ത് മാറ്റമെന്ന് പറയുന്നില്ല. പക്ഷെ, കേരളം വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾ കൺനിറയെ കണ്ടുകൊണ്ടിരിക്കുകയാണ്. നൂറു ദിന പരിപാടികളിൽ മാത്രം നാടിന് സമർപ്പിക്കപ്പെട്ടത് നൂറിലേറെ സ്കൂൾ കെട്ടിടങ്ങളാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂതനമായ നൂറിലധികം കോഴ്സുകൾ തുടങ്ങുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന നിലയിൽ ചട്ടഭേദഗതികൾക്ക് മന്ത്രിസഭ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ഓപ്പൺ സർവകലാശാല യാഥാർത്ഥ്യമായി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങുന്നു.

പ്ലാസ്റ്റിക് നിർമ്മാർജ്ജനവും മാലിന്യസംസ്ക്കരണവുമൊക്കെ 2024ലേക്ക് ചെന്നിത്തലജി സ്വപ്നം കാണുമ്പോൾ ഇവിടെ 559 തദ്ധേശസ്വയംഭരണസ്ഥാപനങ്ങളാണ് ഇന്നലെ ശുചിത്വപദവി നേടിയത്. ഹരിതകേരളമിഷനെ ഉപയോഗപ്പെടുത്തി മാലിന്യസംസ്ക്കരണത്തിന് ശാസ്ത്രീയമാർഗങ്ങൾ ആവിഷ്ക്കരിക്കുകയാണ് കേരളം. കഴിഞ്ഞ നാല് വർഷത്തിനിടെ 52.88 ലക്ഷം കുടുംബങ്ങളിലും 2.36 ലക്ഷം സ്ഥാപനങ്ങളിലുമാണ് ഉറവിടമാലിന്യസംസ്ക്കരണസംവിധാനങ്ങൾ സ്ഥാപിച്ചത്. തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് സംവിധാനങ്ങൾ വഴി 1127 മെട്രിക് ടൺ പ്ലാസ്റ്റിക് പൊടിച്ച് 2023.34 കിലോമീറ്റർ റോഡ് ടാറിങ്ങിന് ഉപയോഗപ്പെടുത്തി. കാർബൺ നിർഗ്ഗമനം കുറക്കാനും ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള മാറ്റവുമൊക്കെ അവരുടെ സ്വപ്നത്തിലല്ല ഉള്ളതെന്ന് പ്രതിപക്ഷം എന്ന് മനസിലാക്കും. ഇലക്ട്രിക് വാഹനനയവും അതിലെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രായോഗികപ്ലാനുകളും നടപ്പിലായിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. കേരളാ നീംജി എന്ന ഇലക്ട്രിക് ഓട്ടോ പൊതുമേഖലാസ്ഥാപനമാണ് പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്നതിൽ ആദ്യ ആറ് സ്റ്റേഷനുകൾ നൂറു ദിന പദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുകയാണ്.

ലേഖനത്തിന്റെ മറ്റു ഭാഗങ്ങളിൽ പറയുന്ന തൊഴിൽ സൃഷ്ടിക്കുന്ന നടപടികളും വ്യവസായ പോഷണനടപടികളുമൊക്കെ എത്ര ഊർജ്ജസ്വലമായാണ് കേരളത്തിൽ പുരോഗമിക്കുന്നത്. കേരളത്തിൽ ഭൂമി ഏറ്റെടുക്കാൻ ഇനിയും കഴിയില്ലെന്ന് കെപിസിസി സംഘടിപ്പിച്ച വികസനചർച്ചയിൽ പറയുന്ന ഇവർക്ക് സ്വപ്നം കാണാൻ കഴിയാത്ത ഭൂമി ഏറ്റെടുക്കൽ നടപടികളാണ് കേരളത്തിൽ പുരോഗമിക്കുന്നത്. കൊച്ചി കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കും ആലുവയിലെ ഗിഫ്റ്റ് പദ്ധതിക്കും കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ വ്യവസായ പദ്ധതികൾക്കും കിഫ്ബി സഹായത്തോടെ അതിവേഗം ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇതെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് തുറന്നു നൽകുക. നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട പാലക്കാട് മെഗാ ഫുഡ് പാർക്കും ഉദ്ഘാടനം നടക്കാൻ പോകുന്ന ചേർത്തല സീ ഫുഡ് പാർക്കും ഒറ്റപ്പാലം ഡിഫൻസ് പാർക്കും നിർമ്മാണം തുടങ്ങിയ മെഡിക്കൽ ഡിവൈസ് പാർക്കുമൊക്കെ മുന്നിൽ നിൽക്കുമ്പോൾ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളെ ഓർത്ത് ആരും ആശങ്കപ്പെടേണ്ട കാര്യമില്ലല്ലോ. ബെവ്ക്യൂ ആപ്പിനെ പേരെടുത്ത് ലേഖനത്തിൽ വിമർശിക്കുന്ന ചെന്നിത്തലക്ക് സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഉറപ്പാക്കാം. 2000 പുതിയ സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിച്ച കഴിഞ്ഞ നാല് വർഷത്തെ അനുഭവം കേരളത്തിന് മുന്നിലുള്ളപ്പോൾ സ്റ്റാർട്ടപ്പ് നയം 2021ന് ശേഷം റീ ബൂട്ട് ചെയ്യേണ്ട ആവശ്യകത കേരളത്തിലെ ഒരു യുവസംരംഭകന്റെയും ചിന്തയിൽ പോലുമുണ്ടാകില്ല. ഓട്ടോക്കാരന്റെ മക്കൾക്ക് സംരംഭകരാകാൻ കഴിയില്ല എന്ന യുഡിഎഫ് നേതാക്കളുടെ പഴഞ്ചൻ സങ്കൽപ്പങ്ങളെ റീബൂട്ട് ചെയ്യുന്നത് നന്നാകും.

സർക്കാർ സർവീസ് മേഖലയിലെ പരിഷ്ക്കരണങ്ങൾക്ക് പ്രതിപക്ഷനേതാവ് ആശ്രയിക്കുന്നത് ഭരണപരിഷ്ക്കാരകമ്മീഷന്റെ നിർദ്ദേശങ്ങളാണ് എന്നതാണ് മറ്റൊരു കൗതുകം. പ്രതിപക്ഷം സ്ഥിരം വിമർശിക്കാറുള്ള അതെ കമ്മീഷനെത്തന്നെ. ജനങ്ങൾക്ക് സർക്കാർ ഓഫീസിലെത്താതെ സേവനം ലഭിക്കുന്നത് എന്തോ വലിയ സ്വപ്നമായൊക്കെ അവതരിപ്പിക്കുന്ന ചെന്നിത്തലജി കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് അത്ഭുതം തോന്നുന്നുണ്ട്. ഇ-ഗവേണൻസ് നടപ്പിലാക്കിയതിലെ മികവ് പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഈ കോവിഡ് കാലത്ത് 50 സർട്ടിഫിക്കറ്റുകൾ വരെ മൊബൈൽ ഫോൺ മുഖാന്തിരം ലഭിക്കുന്ന രീതിയിൽ പരിഷ്ക്കരണം നടപ്പാക്കി എം-ഗവേണൻസ് ശക്തമാക്കിയ സർക്കാരാണ് കേരളത്തിലുള്ളത്. ഇതൊക്കെ നടപ്പിലാക്കാൻ ഒന്നും റീ ബൂട്ട് ചെയ്യേണ്ട കാര്യമില്ല ചെന്നിത്തലജീ.

കിഫ്ബിയോടുള്ള വിരോധം ഇപ്പൊഴും സൂക്ഷിക്കുന്ന പ്രതിപക്ഷത്തിന് പ്രളയവും കോവിഡും തീർത്ത മഹാപ്രതിസന്ധികൾക്കിടെയിലും കേരളത്തെ മുന്നോട്ടു നയിക്കുന്ന നോഹയുടെ പെട്ടകമാണ് കിഫ്ബിയെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അർഹമായ ജിഎസ്ടി നഷ്ടപരിഹാരം പോലും തരാതെ സംസ്ഥാനങ്ങളുടെ തനത് വികസന പ്രവർത്തനങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രം ഉള്ളപ്പോൾ മുന്നോട്ടുള്ള ബദൽ കിഫ്ബി തന്നെയാണ്. കേരളത്തിലെ പശ്ചാത്തലവികസനമേഖലയിൽ കിഫ്ബി ഈ പ്രതിസന്ധി ഘട്ടത്തിലും എങ്ങനെ സഹായകമായി എന്നത് ഈ കാലത്തും കേരളത്തിലങ്ങോളമിങ്ങോളം പുരോഗമിക്കുന്ന നിർമ്മാണപ്രവൃത്തികളാണ് സാക്ഷി. അതുകൊണ്ട്, ഒരു ബദലും പറയാനാകാതെ കിഫ്ബിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവിന്റെ മനോഭാവം ഈ പ്രതിസന്ധി ഘട്ടത്തെ കേരളം അതിജീവിക്കുന്നതിലെ അസ്വസ്ഥത കൊണ്ടാകണം.

ഈ രീതിയിൽ, 2024ലേക്ക് ചെന്നിത്തലജീ കാണുന്ന സ്വപ്നങ്ങളൊക്കെ 2021ൽ തന്നെ ഏറെക്കുറെ പൂർത്തിയാകുന്നവയാണ്. ചില പോയിന്റുകൾക്കപ്പുറം വികസിപ്പിക്കാൻ കഴിയാത്ത ചില പൊതിയാത്തേങ്ങകളും കൊണ്ട് വികസനച്ചർച്ചക്ക് ഇറങ്ങിയതാണ് പ്രതിപക്ഷനേതാവ്. പക്ഷെ, 2024 ലേക്കുള്ള അദ്ദേഹത്തിന്റെ വികസന സങ്കൽപ്പങ്ങൾ ഇപ്പോൾ സർക്കാർ നടപ്പിലാക്കി വരുന്ന നൂറു ദിന പരിപാടികളെപ്പോലും മറികടക്കാൻ കെൽപ്പുള്ളതല്ല എന്നതാണ് പച്ചപ്പരമാർത്ഥം. കഴിഞ്ഞ കുറച്ചു നാളുകളായി ചെന്നിത്തലജി നടത്തിക്കൊണ്ടിരിക്കുന്ന റിസർച്ചിന്റെ ഭാഗമായോ അദ്ദേഹം നിയോഗിച്ചിരിക്കുന്ന ‘വിദഗ്ദ’രുടെ സംഭാവനയായോ ആകണം ഈ സങ്കൽപ്പങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചിട്ടുണ്ടാകുക. എത്രത്തോളം ദരിദ്രമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്ന വികസന ആശയങ്ങളെന്ന് തുറന്നു കാട്ടുന്നതാണ് ചെന്നിത്തലജീയുടെ ഈ ലേഖനമെഴുത്ത്.

 

 

Top