കെ -റെയിൽ വികസനത്തിൻ്റെ രജതരേഖ. തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാത ഉടൻ – ജി സുധാകരൻ.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാകും സില്‍വര്‍ലൈന്‍ പേരിട്ടിരിക്കുന്ന തെക്കു–വടക്ക് വേഗ റെയില്‍പാത. മന്ത്രിസഭ അനുമതി നല്‍കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 66,079കോടി രൂപയാണ് ആകെ ചെലവ്. കൊച്ചുവേളി മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം. കിലോമീറ്ററിന് രണ്ടുരൂപ 75 പൈസവച്ച് യാത്രക്ക് ചെലവാകും. വേഗ റെയില്‍പാതയിലൂടെ ട്രെയിനില്‍ ചരക്കുലോറികള്‍ കടത്തിവിടുന്നതും ചെറുപട്ടണങ്ങളില്‍ നിര്‍ത്തുന്ന ചെറിയ ട്രെയിനുകള്‍ ഓടിക്കുന്നതും പരിഗണനയിലുണ്ട്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. തുടക്കത്തില്‍ ആറ് ബോഗികളും പിന്നീട് 12 ബോഗികളുമുള്ള ട്രെയിന്‍ ഓടിക്കും. സൗരോര്‍ജം പരമാവധി ഉപയോഗിക്കുന്ന പദ്ധതിയില്‍ പാതയിലുടനീളവും സ്റ്റേഷന്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലും സോളര്‍പാനലുകള്‍ സ്ഥാപിക്കും. വൈദ്യുതി ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം സ്റ്റേഷനുകളില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും പാര്‍ക്ക് ചെയ്യാനും സ്റ്റേഷനുകളില്‍ സൗകര്യമുണ്ടാകും. പ്രതിദിനം 68000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്

ജി സുധാകരന്റെ പോസ്റ്റ്‌ ചുവടെ :-

കെ -റെയിൽ – വികസനത്തിൻ്റെ രജതരേഖ.
മെലിഞ്ഞ് നീളം കൂടിയ പച്ചയണിഞ്ഞ സുന്ദരിയായ കേരളത്തിൻ്റെ ഗതാഗത പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാത .

കേരളത്തിലെ റെയിൽവേ വികസനം ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും സംയോജിതമായി കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ എന്ന സംയുക്ത സംരംഭ കമ്പനിയ്ക്ക് രൂപം നൽകുകയുണ്ടായി.
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം – കാസർകോട് അർദ്ധ അതിവേഗ റെയിൽപാത എന്ന ആശയം രൂപപ്പെടുത്തുകയും ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തു.

നിർദ്ദിഷ്ട പാതയ്ക്കുള്ള അനുമതി അഭ്യർത്ഥിച്ച് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയ്ക്ക് തത്വത്തിൽ അനുമതിയായിട്ടുണ്ടെന്നും ഡി.പി.ആർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ കെ-റെയിൽ എം.ഡി. ശ്രീ .വി .അജിത് കുമാറിനോട് ഡൽഹിയിൽ ക്യാംപ് ചെയ്ത് റെയിൽവേ മന്ത്രാലയവുമായും ബോർഡ് ഉന്നതരുമായും ബന്ധപ്പെട്ട് ഏകോപനമേകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിൻ്റെ വികസന സമയരേഖയിലെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നുറപ്പാണ്.

ഇന്ന് 14 മണിക്കൂർ സമയമെടുത്ത് സഞ്ചരിക്കേണ്ട 575 കി.മീ വളവുകൾ നിവർന്നും മെച്ചപ്പെട്ട അലൈൻമെൻ്റ് വഴിയും 532 കി.മീ ആയി ചുരുങ്ങുകയും സഞ്ചാര സമയം 4 മണിക്കൂറായി ചുരുങ്ങുകയും ചെയ്യും.

റോ റോ ട്രെയിനുകളടക്കം ഉപയോഗിച്ച് ചരക്കുഗതാഗതം സുഗമവും ചിലവു കുറഞ്ഞതുമാവും.

യാത്രക്കാരെ ഉൾക്കൊള്ളുന്നതിൽ ആറുവരിപ്പാതയുടെ ശേഷിയുണ്ട്‌.എന്നാൽ മൂന്നിലൊന്ന് സ്ഥലം മതിയാവും.

ഓരോ അര കിലോമീറ്ററിനിടയിലും മേൽപ്പാലങ്ങളും അടിപ്പാതകളും സ്ഥാപിക്കും.

10 പ്രധാന സ്റ്റേഷനുകൾ 27 ചെറിയ സ്റ്റേഷനുകൾ.

ഇ-ടാക്സി .ഇ-ബസ്സുകൾ എന്നിങ്ങനെ അനുബന്ധ യാത്രാ സേവനങ്ങൾ .

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജ്ജിംഗ് സ്‌റ്റേഷനുകൾ.

ട്രെയിനിൽ ആദ്യം 9 ബോഗികളും പിന്നീട് 12 ബോഗികളും.

യാത്രക്കാരുടെ എണ്ണം 675,
ഒരു യാത്രക്കാരന് കി.മീറ്ററിന് 2.75 രൂപ യാത്രാ നിരക്ക്.

പ്രതിദിനം 68,000 യാത്രികർ.

പദ്ധതിച്ചിലവ്: 66,079 കോടി

നിർമ്മാണ കാലയളവ് 2020-2024.

നിർമ്മാണ ഘട്ടത്തിൽ 50,000 തൊഴിലവസരങ്ങൾ .

പ്രവർത്തന ഘട്ടത്തിൽ 11,000 തൊഴിലവസരങ്ങൾ.

ശരാശരി വേഗത – 200 കി.മീ

പദ്ധതി നിലവിൽ വരുന്നതോടെ തലസ്ഥാനവും തെക്കൻ ജില്ലകളും വടക്കൻ കേരളുമായി കൂടുതലടുക്കും.റോഡപകടങ്ങൾ കുറയുകയും കേരളത്തിൻ്റെ വ്യവസായ വാണിജ്യ കുതിപ്പിന് കളമൊരുങ്ങുകയും ചെയ്യും.

സ്വപ്നമാണ് ഇപ്പോൾ; സാക്ഷാത്കാരം അരികിലും. ഉറപ്പ്.

Top