ഇടതുപക്ഷ ഭരണത്തിന് കീഴിൽ പൊതുവിദ്യാലയങ്ങളുടെ വളർച്ചയിൽ മനംനൊന്ത് മനോരമ. പൊതുവിദ്യാലയങ്ങളെ പരിഹസിക്കുന്ന മനോരമ വാർത്തക്കെതിരെയുള്ള രക്ഷിതാവിന്റെ കുറിപ്പ് വൈറലാകുന്നു

സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുമ്പോൾ അത് ഓരോ മലയാളിക്കും അഭിമാനിക്കാൻ ഉള്ള നിമിഷമാണ്. വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പാണ് കേരളം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്.മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഔദ്യോഗികമായി നടത്തി.

16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.

പക്ഷേ ഈ വാർത്തകളൊന്നും പ്രതിപക്ഷ മാധ്യമങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് രാവിലെ മനോരമ ഓൺലൈനിൽ വന്ന വാർത്ത. മനോരമയുടെ ഉള്ളിൽ എത്രത്തോളം വിഷം ഉണ്ടെന്ന് ആ വാർത്ത വായിക്കുന്ന ഓരോ മലയാളിക്കും തിരിച്ചറിയാൻ സാധിക്കും.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വളർച്ച തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മേനി പറച്ചിൽ മാത്രമാണെന്നാണ് മനോരമ വാർത്ത നൽകിയത്. അധ്യാപക സംഘടനകളുടെ പേരിൽ മനോരമ വാർത്ത നൽകുമ്പോൾ തന്നെ അതിൽ എത്രത്തോളം സത്യമുണ്ടെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു – നിതീഷ് ചേർത്തല എന്ന രക്ഷിതാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റ്‌ ചുവടെ :-

രാവിലെ മനോരമ ഓൺലൈനിൽ വന്ന ഒരു വാർത്ത കണ്ടശേഷമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് ഞാൻ കരുതിയത്. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയെ ഇകഴ്ത്തി കൊണ്ടുള്ള മനോരമയുടെ വാർത്ത എന്നെ ഞെട്ടിച്ചു കളഞ്ഞു.

നമ്മൾ ജീവിക്കുന്ന, നമ്മുടെ സ്വന്തം കുഞ്ഞു കേരളത്തിന്റെ വളർച്ച ആഗ്രഹിക്കാത്ത ഏതു മലയാളിയാണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും എടുത്തുപറയേണ്ടത് വിദ്യാഭ്യാസ രംഗത്ത് വന്ന വലിയ മാറ്റങ്ങൾ ആണ്. കഴിഞ്ഞ നാലു വർഷക്കാലയളവിൽ പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റം നേരിൽ കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തി ആണ് ഞാൻ. പറയാൻ കാരണം, സർക്കാർ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല എന്നത്‌ കൊണ്ട് എന്റെ മൂത്തകുട്ടി മൂന്നാം ക്ലാസ് വരെ ഒരു പ്രൈവറ്റ് സ്കൂളിലാണ് ഞാൻ പഠിപ്പിച്ചിരുന്നത്. ശേഷം ഈ സർക്കാരിന്റെ കാലത്തെ സർക്കാർ സ്കൂളുകളുടെ വലിയ മാറ്റങ്ങൾ കണ്ടശേഷം സർക്കാർ സ്കൂളിൽ ആക്കിയ ഒരു രക്ഷകർത്താവ് ആണ് ഞാൻ.അതിനുശേഷം എന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ഉണ്ടായ പുരോഗതി ഞാൻ നേരിൽ കണ്ടു മനസ്സിലാക്കിയതാണ്. കലാ കായിക രംഗത്തും ഇടതുപക്ഷ സർക്കാർ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന രീതി പ്രശംസനീയമാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ സർക്കാർ സ്കൂളുകളുടെ അവസ്ഥയും ഇപ്പോഴുള്ള സർക്കാർ സ്കൂളുകളുടെ മികച്ച നിലവാരവും മലയാളികൾ നേരിൽ കണ്ട് മനസ്സിലാക്കിയതാണ്. സർക്കാർ സ്കൂളുകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓരോരുത്തർക്കും ആ സ്കൂളുകളുടെ വളർച്ച നേരിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചിട്ടുണ്ടാവും. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് റൂമുകളും, മികച്ച ലാബ് സൗകര്യങ്ങളും കളിസ്ഥലങ്ങളും ഒക്കെയായി ഒരു ഇന്റർനാഷണൽ നിലവാരത്തിലേക്കാണ് സർക്കാർ സ്കൂളുകൾ മാറിയത്.

 

ഇങ്ങനെയുള്ള സർക്കാർ സ്കൂളുകളുടെ ഉയർച്ചയും വിജയവും നേരിൽ അനുഭവിച്ച ഓരോ വിദ്യാർത്ഥികളെയും അപമാനിക്കുന്ന തരത്തിലുള്ള വാർത്തയാണ് മനോരമഓൺലൈൻ ഇന്ന് രാവിലെ നൽകിയത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വളർച്ച തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മേനി പറച്ചിൽ മാത്രമാണെന്നാണ് മനോരമ വാർത്ത നൽകിയത്. അധ്യാപക സംഘടനകളുടെ പേരിൽ മനോരമ വാർത്ത നൽകുമ്പോൾ തന്നെ അതിൽ എത്രത്തോളം സത്യമുണ്ടെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മനോരമ അവരുടെ മനസ്സിലുള്ള വിഷയം വാർത്തയായി പുറത്തുവിട്ടു എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ. പ്രതിപക്ഷ അധ്യാപക സംഘടനകൾ തന്നെ ഈ വാർത്ത അറിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്..

ഒരു അധ്യാപക സംഘടനയും ഒരു അധ്യാപകനും ഇങ്ങനെ ഒരു കള്ളവാർത്ത പറയും എന്ന് ഞാൻ കരുതുന്നില്ല. കാരണം അത്രമേൽ മാറിയിരിക്കുന്നു നമ്മുടെ പൊതുവിദ്യാലയങ്ങൾ. എത്ര ഭംഗിയായാണ് സ്കൂളുകൾ ഒരുക്കിയിരിക്കുന്നത്.

ഈ ലോക്ഡൌൺ കാലത്തെ തന്നെ വിദ്യാഭ്യാസരംഗം നമുക്ക് പരിശോധിച്ചാൽ സർക്കാർ സ്കൂളുകളുടെ മേന്മ നമുക്ക് മനസ്സിലാകും. ഒരു രൂപ പോലും പൈസ വാങ്ങാതെ ഉള്ള മികച്ച നിലവാരത്തിലുള്ള ഓൺലൈൻ ക്ലാസുകളാണ് സർക്കാർ സ്കൂളുകൾ വിദ്യാർഥികൾക്കായി നൽകിവരുന്നത്. പരീക്ഷകളും ക്ലാസ്സുകളും ഒക്കെ ഓൺലൈനിൽ കൃത്യമായി നടക്കുന്നുണ്ട്.

ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസരംഗം കുതിക്കുകയാണ്. പുരോഗതിയുടെ ചവിട്ടുപടികൾ നമ്മൾ കയറിത്തുടങ്ങി. ഇനിയും നമ്മൾ മുൻപോട്ടു തന്നെ പോകും ഉറപ്പാണ്. മനോരമ പോലെയുള്ള വിഷം തുപ്പുന്ന മാധ്യമങ്ങളെ മാത്രം നമ്മൾ പേടിച്ചാൽ മതി. രാഷ്ട്രീയ ലാഭത്തിനായി അവർ എഴുതി വിടുന്ന വാർത്തകൾ വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉണ്ടാകും തീർച്ച, ഇങ്ങനെയുള്ള വാർത്തകൾ വായിച്ച് സർക്കാർ സ്കൂളുകളിൽ നിങ്ങളുടെ മക്കളെ അടയ്ക്കാതിരുന്നാൽ അവർക്ക് നഷ്ടമാകുന്നത് ഒരു സുവർണ്ണ കാലഘട്ടമാണ്.. നിങ്ങളുടെ കുഞ്ഞുങ്ങളുടെ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ആണ്…

Top