മഥുരയിലെ മസ്ജിദ് പൊളിക്കണം. ശ്രീകൃഷ്ണ വിരാജ്മാന്‍ ജില്ലാ കോടതിയില്‍ ഹർജി സമർപ്പിച്ചു.

ബാബറി മസ്ജിദ് വിധി വന്നതിന് തൊട്ടുപിന്നാലെ മധുരയിലെ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മ്മിച്ചതെന്നാരോപിച്ചും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും ഹര്‍ജി വീണ്ടും. പൊളിച്ചുനീക്കണമെന്ന ആവശ്യം തളളിയ സിവില്‍ കോടതി വിധിക്കെതിരെയാണ് ‘ശ്രീകൃഷ്ണ വിരാജ്മാന്‍’ ജില്ലാ കോടതിയിയെ സമീപിക്കുന്നത്.

ശ്രീകൃഷ്ണന്റെ ജന്മഭൂമി എന്ന കരുതപ്പെടുന്ന പ്രദേശത്തെ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അവകാശവാദം. കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളി നീക്കം ചെയ്യണം, 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണ ജന്മഭൂമി തിരിച്ചുകിട്ടണം, ഷാഹി ഈദ്ഗാഹ് മാനേജ്മെന്റ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥന്‍സേവ സന്‍സ്ഥാനും തമ്മിലുള്ള ഭൂമി കരാര്‍ അംഗീകരിക്കുന്ന 1968ലെ കോടതി വിധി റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

1991ലെ ആരാധന സ്ഥല നിയമം ചൂണ്ടിക്കാട്ടിയാണ് മഥുര സീനിയര്‍ സിവില്‍ ജഡ്ജി ഛായ ശര്‍മ ഹര്‍ജി തള്ളിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആരാധനലയങ്ങളിലുണ്ടായിരുന്ന തല്‍സ്ഥിതി തുടരണമെന്ന് ചൂണ്ടിക്കാണിക്കുന്ന നിയമമാണിത്. ബാബ്റി-രാമജന്മഭൂമി തര്‍ക്കകേസില്‍ നിന്ന് ഈ നിയമത്തെ ഒഴിവാക്കിയിരുന്നു.

പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ അപലപിച്ച് ഹിന്ദു പുരോഹിതരുടെ സംഘടനയായ ഓള്‍ ഇന്ത്യ തീര്‍ത്ഥ് പുരോഹിത് മഹാസഭ രംഗത്തെത്തിയിരുന്നു. മസ്ജിദും ക്ഷേത്രവും തമ്മില്‍ തര്‍ക്കമില്ലെന്നും ഇരുവിഭാഗങ്ങളും തമ്മില്‍ നേരത്തേ തന്നെ ധാരണയിലെത്തിയതാണെന്നും പുരോഹിത് മഹാസഭ നേതാവ് മഹേഷ് പതക് പറഞ്ഞു. പുറത്തുനിന്നുള്ള ചിലര്‍ മസ്ജിദ്-ക്ഷേത്ര പ്രശ്നം കുത്തിപ്പൊക്കി മഥുരയിലെ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് ആരാധനാലയങ്ങളുടേയും സ്ഥലം സംബന്ധിച്ച് ഇരു സമുദായങ്ങളും തമ്മില്‍ പരസ്പരധാരണയുണ്ട്. രണ്ടും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത് ഐക്യദാര്‍ഢ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും മഹേഷ് പതക് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് കൂടിയായ മഹേഷ് പതക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ മത്സരിച്ച് ബിജെപിയുടെ ഹേമമാലിനിയോട് തോറ്റിരുന്നു.

കടപ്പാട് : റിപ്പോർട്ടർ

Top