കേരളത്തിൽ ഫെലൂദ പരിശോധന വരുന്നു.കൊവിഡ് 19 ടെസ്റ്റുകള്‍ ഇനിമുതൽ കൂടുതല്‍ വേഗതയിലും കൃത്യതയിലും ലഭിക്കും.

സാമ്പിള്‍ എടുത്ത് ഒരു മണിക്കൂറിനകം കോവിഡ് ഫലം ലഭിക്കുന്ന ഫെലൂദ പരിശോധന കേരളത്തിലും എത്തുന്നു.
ഇത് കൊവിഡ് 19 ടെസ്റ്റുകള്‍ കൂടുതല്‍ വേഗതയിലും കൃത്യതയിലും നടത്താന്‍ സഹായിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കമ്പനികളുമായി പരിശോധന കിറ്റുകള്‍ എത്തിക്കാനുളള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഫെലൂദ ടെസ്റ്റ് എത്തുന്നതോടെ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ഈ പരിശോധന രീതി ഡല്‍ഹി കേന്ദ്രമായ സിഎസ്‌ഐആറും ടാറ്റയും ചേര്‍ന്നാണ് കണ്ടെത്തിയത്. മൂക്കില്‍ നിന്നും സ്രവം ശേഖരിച്ച് തന്നെയാണ് ഫെലൂദ പരിശോധനയും നടത്തുന്നത്. വൈറസിന്റെ ചെറു സാന്നിധ്യം പോലും ഫെലൂദ ടെസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയും. കൃത്യമായ റിസള്‍ട്ട് ലഭിക്കുന്നത് കൊണ്ട് രോഗമുണ്ടോ എന്ന് കണ്ടെത്താന്‍ വീണ്ടും പരിശോധന നടത്തണ്ടിയും വരില്ല.

ഫെലൂദ ടെസ്റ്റിന്, മറ്റുളള കൊവിഡ് ടെസ്റ്റിനെക്കാള്‍ വില കുറവാണെന്നതാണ് മറ്റൊരു ഗുണം. മെഷീന്‍ സ്ഥാപിക്കാന്‍ 25,000 രൂപയാണ് ആവശ്യമായിട്ടുളളത്. ഒരു മണിക്കൂറില്‍ 500 രൂപയാണ് പരിശോധനയ്ക്ക് വരുന്ന ചിലവ്. ഐസിഎംആറിന്റെ അനുമതിയും ലഭിച്ചതോടെയാണ് കേരളവും പരിശോധന കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

Top