തൂത്തുക്കുടി ലോക്കപ്പ് മരണം : മരണകാരണം മൂന്നാം മുറയെന്ന് സിബിഐ.

 

തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘനത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ പിതാവും മകനും മരിച്ച സംഭവത്തില്‍ മരണകാരണം മൂന്നാം മുറയെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട്. മദ്രാസ് ഹൈക്കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് ലോക്കപ്പില്‍ അതിക്രൂരമായ പീഡനത്തിനാണ് പിതാവ് ജയരാജന്‍, മകന്‍ ബെന്നിക്‌സ് എന്നിവര്‍ ഇരയായത്.

വ്യാപാരികളുടെ കൈകള്‍ പുറകിലേക്ക് കെട്ടിയിട്ട് പൊലീസുകാര്‍ മര്‍ദിച്ചുവെന്നും രഹസ്യഭാഗങ്ങളില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നത് അമിത രക്തസ്രാവത്തിന് കാരണമായെന്നും സിബിഐ. അമിത രക്തസ്രാവം ഉണ്ടായിട്ടും ഉപദ്രവം നിര്‍ത്തിയില്ല. ഇന്‍സ്‌പെകര്‍ ശ്രീധറിന് ഇരുവരുടെയും കൊലയ്ക്ക് പിന്നില്‍ പങ്കെന്നും കണ്ടെത്തല്‍. ലോക്കപ്പിലെ ചുമരിലും ലാത്തിയിലും രക്തത്തിന്റെ അംശമുണ്ടായിരുന്നു, ഡിഎന്‍എ ടെസ്റ്റില്‍ ഇത് വ്യാപാരികളുടെതാണെന്ന് തെളിഞ്ഞെന്നും കുറ്റപത്രത്തില്‍ പറയുന്നു.

രാത്രിയില്‍ ഇവരുടെ കടയില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നതായും എന്നാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വ്യാപാരികള്‍ തടഞ്ഞതായുമാണ് പൊലീസ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. എഫ്ഐആറില്‍ പറയുന്നത് ബെന്നിക്സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒന്‍പത് മണിക്ക് വലിയ തിരക്കായിരുന്നു എന്നാണ്. പൊലീസ് ഇക്കാര്യം ചോദിച്ചപ്പോള്‍ ബെന്നിക്സ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിക്കുകയും പരുക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി എന്നായിരുന്നു പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. ശേഷം കേസില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന കാരണത്താല്‍ ജൂണ്‍ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്സ് എന്നിവര്‍ പൊലീസ് കസ്റ്റഡിലിരിക്കെ മരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. പുറമേ ഹൈക്കോടതിയും സ്വമേധയാ കേസെടുക്കുകയായിരുന്നു.

Top