പ്രതിപക്ഷ വാദങ്ങൾ പൊളിഞ്ഞു !! കിഫ്ബി മസാലാ ബോണ്ടിന് അനുമതി നല്‍കിയത് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് -ആര്‍ബിഐ

കിഫ്ബി മസാലാ ബോണ്ടിന് അനുമതി നല്‍കിയത് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുതന്നെയെന്ന് ആര്‍ബിഐ. അനുമതി നല്‍കിയപ്പോള്‍ ബോഡി കോര്‍പറേറ്റുകള്‍ക്ക് വിദേശ വായ്പ്പയെടുക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഫെമ പ്രകാരമുള്ള അനുമതിയാണ് ആര്‍ബിഐ നല്‍കിയത്. സംസ്ഥാനങ്ങള്‍ വിദേശ പണം സമാഹരിക്കുന്നതിന്റെ ഭരണഘടനാ സാധുത തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

2018 ജൂണിലാണ് കിഫബി മസാലാ ബോണ്ടിന് ആര്‍ബിഐ അനുമതി നല്‍കിയത്. ബോഡി കോര്‍പറേറ്റുകള്‍ക്ക് വിദേശ വായ്പ്പയെടുക്കാന്‍ അപ്പോഴത്തെ വ്യവസ്ഥകള്‍ അനുസരിച്ച് അനുവാദമുണ്ടായിരുന്നെന്നും ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫെമ പ്രകാരമുള്ള അനുമതിയാണ് ആര്‍ബിഐ നല്‍കിയതെന്നും മറ്റെന്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി വേണമെങ്കില്‍ അത് വാങ്ങേണ്ട ബാധ്യത കിഫ്ബിക്കാണെന്നുമാണ് ആര്‍ബിഐ വിശദീകരണം. എല്ലാ അനുമതികളും കിഫബിക്കുണ്ടോ എന്ന് പരിശോധിക്കേണ്ടത് റിസര്‍വ് ബാങ്ക് അല്ല, കിഫ്ബി ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കാണെന്നും ആര്‍ബിഐ അറിയിച്ചു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ മൂലധന നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വിദേശത്തുനിന്നു വായ്പയെടുക്കാമെന്ന് കഴിഞ്ഞ വര്‍ഷം വ്യവസ്ഥകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുനിന്ന് ഇന്ത്യന്‍ രൂപയില്‍ പണം സ്വീകരിക്കാന്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് മസാലാ ബോണ്ടുകള്‍.

സംസ്ഥാനം വിദേശത്തുനിന്നു പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു തങ്ങളുടെ പരിശോധനാ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും റിസര്‍വ് ബാങ്ക് വ്യകതമാക്കി. അതേ സമയം ആര്‍ബിഐ അനുമതി, സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ല. അനുമതിരേഖയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ വിദേശ വായ്പാ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മസാലാ ബോണ്ടിന്റെ വിവരങ്ങള്‍ ആരാഞ്ഞ് നേരത്തെ ആര്‍ബിഐക്ക് കത്തെഴുതിയിരുന്നു. കിഫ്ബിയെക്കുറിച്ചു കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോടു നേരത്തെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനു നല്‍കിയ മറുപടിയിലും ഫെമ പ്രകാരം നല്‍കിയ അനുമതിയെക്കുറിച്ചു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Top