അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് തിങ്കളാഴ്ച ചോദ്യം ചെയ്യും.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ഡിവൈഎസ്‌പി വി ശ്യാംകുമാറിന്റെ നേതൃത്വത്തിൽ രണ്ട് ഇൻസ്‌പെക്ടർമാർ അടങ്ങുന്ന സംഘമാകും ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധന പൂർത്തിയാക്കി. വിശദമായ ചോദ്യാവലിയും വിജിലൻസ് സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയശേഷമാണ് ചോദ്യം ചെയ്യലിന്‌ മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്. രാവിലെ ഒമ്പതുമുതൽ ഉച്ചയ്‌ക്ക്‌ 12 വരെയും വൈകിട്ട്
മൂന്നുമുതൽ നാലുവരെയുമാകും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക. ഒരുമണിക്കൂറിനുശേഷം 15 മിനിറ്റ് ഇടവേള നൽകണം. മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും അന്വേഷണസംഘത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലെന്നും കോടതിയുടെ നിർദേശമുണ്ട്. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. 18-നാണ് ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

 

Top