ബിജെപി-കോൺഗ്രസ് ഗൂഡാലോചനയിൽ തകർക്കാൻ കഴിയുന്നതല്ല ഊരാളുങ്കൽ സൊസൈറ്റി ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ചരിത്രം അറിയാം

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ചരിത്രം കേരള നവോത്ഥാന ചരിത്രത്തോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് . നവോത്ഥാനത്തിൻ്റെ ഭാഗമായി വാഗ്ഭടാനന്ദൻ സ്ഥാപിച്ച “കൂലിവേല ക്കാരുടെ സംഘ” ത്തെക്കുറിച്ച് മലയാളി അറിയണം. പ്രത്യേകിച്ചും പാലാരിവട്ടത്തെ പഞ്ചവടിപ്പാലത്തിൻ്റെ ഈ കാലത്ത് .

അഡ്വ. രാജേഷ് കുമാറിന്റെ പോസ്റ്റ് ചുവടെ :

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ പോലും വിസ്മയിപ്പിക്കുകയാണ്, കൂലിവേലക്കാരുടെ സഹകരണ സംഘത്തിന്റെ വളര്‍ച്ച…

1925ല്‍ വേലികെട്ടും കൂലിവേലയും ആയി പതിനാല് പേരുടെ ബലത്തില്‍ തുടങ്ങിയ സൊസൈറ്റി വിസ്മയിപ്പിക്കുന്ന വളര്‍ച്ചയുടെ വഴിത്താരയിലേക്ക് കടന്നിരിക്കുന്നു…

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് പറയാനുള്ളത് നേട്ടങ്ങളുടെയും, പ്രതികൂല സാഹചര്യങ്ങളെ അതി വിദഗ്ധമായി മറികടന്നതിന്റെയും അത്ഭുതകഥകള്‍…

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി സ്വന്തമാക്കിയ നേട്ടങ്ങളില്‍ ഊരാളുങ്കല്‍ തൊഴിലാളി കരാര്‍ സഹകരണ സംഘം, യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സ്, യുഎല്‍സിഎസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍സ്, സര്‍ഗാലയ-ഇരിങ്ങല്‍ ക്രാഫ്ട് വില്ലേജിന്റെ മാനേജ്‌മെന്റ് എന്നിവയുടെ നീണ്ടനിരയുണ്ട്.

ഇപ്പോഴിതാ വിവര സാങ്കേതിക വിദ്യയുടെ ശ്രേണിയില്‍ സ്ഥാനമുറപ്പിക്കാന്‍ 600 കോടി രൂപ മുതല്‍മുടക്കില്‍ കോഴിക്കോട് ഐടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നു.

സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പ്രതിസന്ധിയുടെയും അടച്ചുപൂട്ടലിന്റെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ലോകത്തിന് തന്നെ മികച്ച മാതൃകയാകുന്ന വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ മുന്നേറ്റത്തിന്റെയും നേട്ടങ്ങളുടെയും കഥകള്‍…

ഊരാളുങ്കല്‍: ചരിത്രവട്ടം

അന്ധവിശ്വാസവും അയിത്തവും കൊടികുത്തി വാണ സ്ഥലം ആയിരുന്നു ഊരാളുങ്കല്‍. ഇക്കാലത്ത് വാഗ്ഭടാനന്ദ ഗുരുദേവന്‍ മാഹിയില്‍ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ പ്രസംഗം കേള്‍ക്കുകയും, വാഗ്ഭടാനന്ദനെ ഊരാളുങ്കലിലേക്ക് കൊണ്ടു വരുകയും ആയിരുന്നു. കാരക്കാടെന്നാണ് ഈ പ്രദേശം അന്നറിയപ്പെട്ടിരുന്നത്. പിന്നീട് വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ല്‍ കേരള ആത്മവിദ്യാസംഘവും രൂപീകരിച്ചു. എന്നാല്‍ ആത്മവിദ്യാസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഭൂപ്രഭുക്കന്‍മാര്‍ ജോലി നിഷേധിച്ചു.

ജോലിയില്ലാത്ത അവസ്ഥ വന്നപ്പോള്‍ മദ്രാസ് 1912 ആക്ട് പ്രകാരം 1925ല്‍ ഊരാളുങ്കലില്‍ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം പിറവിയെടുത്തു. സംഘത്തിലുള്ളവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഇക്കാലത്ത് നിഷേധിച്ചിരുന്നു. എന്നാല്‍ ആത്മവിദ്യാസംഘം എല്‍പി സ്‌കൂള്‍ ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസത്തിനുള്ള വാതില്‍ തുറന്നിട്ടു. അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതിന് ഐക്യനാണയ സംഘവും രൂപീകരിച്ചിരുന്നു. ഇതിന്റെയെല്ലാം നിയന്ത്രണം 14 പേരടങ്ങുന്ന പ്രമോട്ടിംഗ് കമ്മിറ്റിക്കായിരുന്നു. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു ആദ്യകാല പ്രസിഡന്റ്.

ഇന്ന് 88 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയില്‍ 1415ഓളം അംഗങ്ങളുണ്ട്. ഇവര്‍ തന്നെയാണ് മുതലാളിയും തൊഴിലാളിയും. ഇവരോടൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി കണ്ടെത്തുന്നവരും, അംഗങ്ങളല്ലാത്ത എഴുന്നൂറോളം തൊഴിലാളികളുമുണ്ട്…

വളര്‍ച്ചയുടെ നാളുകള്‍.

1974ല്‍ കേരള സര്‍ക്കാര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളെ തരംതിരിച്ചു. എ ക്ലാസ് സൊസൈറ്റിക്ക് 200 അംഗങ്ങള്‍ വേണമെന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതായിരുന്നു സംഘത്തിന്റെ വളര്‍ച്ചയിലെ വലിയൊരു കാല്‍വെയ്പ്പ്. പാലിച്ചു വന്ന മാനദണ്ഡങ്ങളും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് എ ക്ലാസ് സംഘമായി ഉയരാന്‍ ഈ കാലയളവില്‍ സൊസൈറ്റി ഏറെ പ്രയാസപ്പെട്ടു. എങ്കിലും നിബന്ധനകള്‍ പാലിച്ചുകൊണ്ട് അംഗങ്ങളുടെ എണ്ണം 200ആക്കി ഉയര്‍ത്തി. അതോടെ കൂടുതല്‍ തുകയ്ക്ക് വലിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് തുടങ്ങുകയും, ആധുനിക ഉപകരണങ്ങള്‍ സ്വന്തമാക്കുകയുമുണ്ടായി.

മണ്ണ്, മെറ്റല്‍, പൂഴി എന്നിവയ്ക്കായി സ്വന്തമായി സ്ഥലവും സ്വന്തമാക്കി. ഏറെ പ്രയാസപ്പെട്ടാണെങ്കിലും 1980നു ശേഷം കൂടുതല്‍പേര്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ തൊഴില്‍ നല്‍കാനും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാങ്കേതിക നില വര്‍ദ്ധിപ്പിച്ച് ആസ്തി വര്‍ദ്ധിപ്പിക്കാനും സൊസൈറ്റിക്ക് കഴിഞ്ഞു…

1925 ഫെബ്രുവരി 13നാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 1926 മെയ് 26 വരെ സംഘത്തിന് യാതൊരുവിധ പ്രവൃത്തിയും ലഭിച്ചില്ല. ഇതുകൊണ്ടുതന്നെ സംഘം പിരിച്ചുവിടാനുള്ള ആലോചന വരെ സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നും പിഡബ്ലിയുവില്‍ നിന്നും പ്രവൃത്തികള്‍ കിട്ടിയതോടെ സൊസൈറ്റി വളരുകയായിരുന്നു.

തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവനും തൊഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടി കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ കിണര്‍, ചാപ്പ, കനാല്‍, വേലികെട്ടല്‍ ജോലികള്‍ ഏറ്റെടുത്തു. എത്ര ദൂരം വേണമെങ്കിലും പോയി പ്രവൃത്തിയെടുക്കാന്‍ അംഗങ്ങളും തയ്യാറായിരുന്നു.

പ്രവൃത്തികള്‍ സത്യസന്ധതയോടെ കൃത്യസമയത്ത് പൂര്‍ത്തിയാക്കുവാന്‍ ഭരണസമിതി നിഷ്‌കര്‍ഷത പുലര്‍ത്തുകയുണ്ടായി. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉതകുന്ന റോഡുപണിയാണ് സംഘം മുഖ്യമായും ഏറ്റെടുത്തത്. ആദ്യകാലത്ത് സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാതിരുന്ന സംഘം സ്വകാര്യ കരാറുകാരുമായി മത്സരിച്ചാണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്നത്.

ഗുണമേന്മ ഉറപ്പുവരുത്തി സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് ഊരാളുങ്കല്‍ ശൈലി.

ഒരു കോടി രൂപയ്ക്ക് താഴെ വരുന്ന വര്‍ക്കുകള്‍ മാത്രം ഏറ്റെടുത്ത് നടത്തിയിരുന്ന സംഘത്തിന്റെ തലവര തെളിയുന്നത് ഏഴ് കോടി രൂപയുടെ ചോറോട് അപ്രോച്ച് റോഡിന്റെ പ്രവൃത്തി ലഭിച്ചതോടെയാണ്.

2001ല്‍ ഈ ജോലി ഏറ്റെടുക്കുമ്പോള്‍ സ്വന്തമായി യന്ത്ര സാമഗ്രികളൊന്നും തന്നെയുണ്ടായിരുന്നില്ല. അര്‍പ്പണ മനോഭാവമുള്ള തൊഴിലാളികള്‍ മാത്രമായിരുന്നു കൂട്ടും കരുത്തും. ഒരേ മനസോടെ സമയക്രമമില്ലാതെ ജോലി എടുത്തതിന്റെ ഫലമായി നിശ്ചിതസമയത്ത്, മികച്ച നിലവാരത്തില്‍ വര്‍ക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. അതോടെ ഊരാളുങ്കല്‍ ശ്രദ്ധ നേടിത്തുടങ്ങി…

പദ്ധതികളുടെ പൂക്കാലം

ഇത്രയും നാളുകള്‍ക്കുള്ളില്‍ സംഘം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത് നാലായിരത്തിൽ അധികം വര്‍ക്കുകള്‍….

കോഴിക്കോട് സരോവരം പദ്ധതി, കാപ്പാട് ബീച്ച് നവീകരണം, എഡിബി സഹായത്തോടെ 39കോടി രൂപയുടെ കോഴിക്കോട് അരയിടത്തു പാലം മേല്‍പ്പാലം, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, എടശ്ശേരിക്കടവ് പാലം, ആലപ്പുഴ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി നൂറ് കോടിയിലേറെ വരുന്ന പദ്ധതികളെല്ലാം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ഏറ്റെടുത്ത് നടത്തിയതാണ്…

മൂന്നൂറ് കോടിയിലേറെ പദ്ധതി കളുടെ നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിക്കുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പ്രോജക്ട് തളിപ്പറമ്പില്‍ നിന്നും കൂര്‍ഗിലേക്കു്ള്ള 48 കോടി രൂപയുടെ റോഡ് പ്രോജക്ടാണ്. 30 കോടി രൂപ ചെലവില്‍ പത്ത് നിലകളുള്ള തിരുവനന്തപുരത്തെ സഹകരണ ഓഫീസും ഇതില്‍പ്പെടും…

തൊഴിലാളിയാണ് മുതലാളി

സംഘത്തിന്റെ പ്രവര്‍ത്തന മൂലധനത്തിന്റെ ഒരു സ്രോതസ് അംഗങ്ങളില്‍ നിന്നുള്ള ഓഹരിത്തുകയാണ്. ജോലിയിലെ കഴിവ്, നൈപുണ്യം, ആത്മാര്‍ത്ഥത, അര്‍പ്പണബോധം, മുന്‍പരിചയം എന്നിവയെ അടിസ്ഥാനമാക്കിയാണ് സൊസൈറ്റിയില്‍ അംഗത്വം നല്‍കുന്നതെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി പ്രസിഡന്റ് പി രമേശന്‍ പറയുന്നു.

ഇവിടെ തൊഴിലാളി മുതലാളി മാരൊന്നും തന്നെയില്ല. ഒരു വര്‍ഷം അംഗത്വമെടുക്കുന്നയാളെ ഒരു വര്‍ഷം നോണ്‍ മെമ്പറായി നിലനിര്‍ത്തി അയാളുടെ സ്വഭാവവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും നോക്കിയ ശേഷമേ അംഗത്വം നല്‍കുക ഉള്ളൂ. പിന്നെ സഹകരണ നിയമപ്രകാരമുളള മാനദണ്ഡങ്ങളും പാലിക്കും. ന്യായമായ വേതനം മുടക്കമില്ലാതെ നല്‍കുന്നു.

പുരുഷ മെമ്പര്‍മാര്‍ക്ക് പ്രവര്‍ത്തിക്ക് ഭക്ഷണ ബത്തയടക്കം 600 രൂപയും സ്ത്രീ തൊഴിലാളിക്ക് 400 രൂപയുമാണ് നല്‍കുന്നത്. സ്ഥലത്ത് താമസിച്ചുള്ള പണിക്ക് 40 രൂപ അധികവും നല്‍കും.

പിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റിവിറ്റി, ക്ഷേമനിധി, ബോണസ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയവയുമുണ്ട്. ഇതുകൂടാതെ സംഘം അംഗങ്ങളുടെ വിവാഹം, അസുഖം തുടങ്ങിയ സന്ദര്‍ഭങ്ങളിലും സാമ്പത്തിക സഹായം നല്‍കുന്നു. പുരുഷ തൊഴിലാളിയുടെ വിവാഹത്തിന് 10,000 രൂപയും സ്ത്രീ തൊഴിലാളിയുടെ വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരു പവനും നല്‍കുന്നു. കൂടാതെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

ഉല്‍പ്പന്നങ്ങളെല്ലാം സ്വന്തം

പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മെറ്റീരിയല്‍സ് സമയത്തിന് ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇതിന് പരിഹാരമായി ക്രഷറും അതോടനുബന്ധിച്ചുള്ള ക്വാറിയും സംഘത്തിനുണ്ട്.

ക്രഷര്‍ യൂണിറ്റില്‍ നിലവില്‍ 6 എഞ്ചിനീയറിംഗ് ജീവനക്കാരും 6 ഓഫീസ് ജീവനക്കാരുമടക്കം 125ഓളം തൊഴിലാളികളും ജോലിയെടുക്കുന്നു.

ഹോളോബ്രിക്‌സിനായി ഇരിങ്ങലില്‍ ദിവസം 5500 കട്ടകള്‍ നിര്‍മിക്കുന്ന യൂണിറ്റുമുണ്ട്. കൂടാതെ കുറ്റിയാടിയില്‍ സ്‌റ്റോണ്‍ ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു.

പുറത്തു നിന്നുള്ള ആവശ്യക്കാര്‍ക്കും സൊസൈറ്റി നിര്‍മ്മാണ ഉല്‍പ്പന്നങ്ങള്‍ നല്‍കി വരുന്നു. മുക്കത്തും കുറ്റിയാടിയിലുമാണ് ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാത്തരം ആധുനിക ഉപകരണങ്ങളും സൊസൈറ്റിക്കുണ്ട്. പുറത്തു നിന്നുള്ള ആവശ്യക്കാര്‍ക്കും നിര്‍മ്മാണ ഉല്‍പ്പന്നങ്ങള്‍ നല്‍കും. 122 പേരടങ്ങുന്ന മികച്ച ഒരു എഞ്ചീനീയറിംഗ് ടീമും ഊരാളുങ്കലിന്റെ പ്രത്യേകതയാണ്.

വൈവിധ്യവത്കരണത്തിന്റെ പാതയില്‍…

ചെറിയ രീതിയില്‍ തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി വൈവിധ്യ വത്കരണത്തിന്റെ പാത സ്വീകരിച്ചതോടെ വളര്‍ച്ചയുടെ പടവുകള്‍ കാത്തിരിക്കുക ആയിരുന്നു. കാര്‍ഷിക മേഖലയിലും സൊസൈറ്റി സാന്നിദ്ധ്യം അറിയിച്ചു.

കാര്‍ഷിക മേഖല

പ്രധാനമായും ഇരിങ്ങല്‍ താരാപറമ്പ്, മരുതോങ്കര മുള്ളന്‍ കുന്ന്, മുക്കം എന്നിവിടങ്ങളിലാണ് സംഘത്തിന്റെ കൃഷിത്തോട്ടങ്ങള്‍. മാമ്പഴം, വാഴ, പച്ചക്കറികള്‍, കുരുമുളക്, ഇഞ്ചി, അടയ്ക്ക തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

സൊസൈറ്റിയുടെ ആവശ്യത്തിനെടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കുകയാണ് പതിവ്. ഇതുകൂടാതെ മുപ്പതോളം പശുക്കളുമുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് അഗ്രിക്കള്‍ച്ചറല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഒന്നാംഘട്ടത്തില്‍ കുറ്റിയാടി ക്രഷര്‍ യൂണിറ്റിലെ കൃഷിസ്ഥലത്ത് വാഴ, മാങ്ങ, പേരക്ക, ഉറുമാമ്പഴം എന്നിവയും വളര്‍ത്തുന്നു.

യുഎല്‍സിഎസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍

സംഘത്തിന്റെ ഉപ സ്ഥാപനമായാണ് യുഎല്‍സിഎസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. ലാഭേച്ഛയില്ലാത്ത ഈ സംരംഭത്തില്‍ വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം എന്നിവയാണുള്ളത്.

സമൂഹത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥി കളെ കണ്ടെത്തി അവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് യോഗ്യരാക്കി മാറ്റുകയും അതുവഴി ഉന്നത വിജയം കൈവരിക്കുകയുമാണ് വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട് കൊണ്ടുദ്ദേശിക്കുന്നത്.

മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ത്ഥി കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നതിനായിട്ടാണ് സംഘം സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസ് ആരംഭിക്കുന്നത്. കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ സജ്ജമാക്കിയ സെന്ററിലാണ് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലനം.

യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സ്

സംഘത്തില്‍ തൊഴില്‍ അന്വേഷിച്ചെത്തുന്ന അഭ്യസ്ത വിദ്യരായവര്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സ് ഇതിന്റെ പ്രവര്‍ത്തനം വിദൂര സംവിധാനം അഥവാ റിമോട്ട് സെന്‍സിംഗിന്റെ സഹായത്തോടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയെന്നതാണ്.

പ്രധാനമായും റിമോട്ട് സെന്‍സിംഗ്, ജിഐഎസ്, ജിയോളജി, ജിയോഗ്രാഫി, ഫോട്ടോഗ്രാമട്രി, ഐടി എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.

ജിപിഎസ്, ജിഡിപിഎസ് എന്നിവ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍, ട്രാന്‍സ്‌പോര്‍ട് മാനേജ്‌മെന്റ് സിസ്റ്റം, കണ്‍ട്രോള്‍ സര്‍വ്വേകള്‍, ടോപ്പോഗ്രാഫിക്കള്‍ സര്‍വ്വേകള്‍, ട്രാന്‍സ്മിഷന്‍ ലൈന്‍ സര്‍വ്വേകള്‍, ഹാവേ സര്‍വ്വേ, റെയില്‍ അലൈന്‍മെന്റ് സര്‍വ്വേ എന്നീ പ്രവൃത്തികളും യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സിന് കീഴില്‍ ചെയ്യുന്നു.

സര്‍ഗ്ഗാലയ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിന്റെ മാനേജ്‌മെന്റ്

കേരളത്തിന്റെ കരകൗശല സമ്പത്തിനെ പരിപോഷിപ്പിച്ച് എടുത്ത് ലോകത്തിന് മുമ്പില്‍ അണിനിരത്തുവാനുള്ള കേരള ടൂറിസത്തിന്റെ പുതിയ സംരംഭമാണ് സര്‍ഗ്ഗാലയ ഇരിങ്ങല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജ്.

ഇതിന്റെ മാനേജ്‌മെന്റ് അടുത്ത പത്ത് വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ്.

20 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തില്‍ 200ല്‍പ്പരം കരകൗശല വിദഗ്ധര്‍ക്ക് അവരുടെ കലാസൃഷ്ടികള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിലവില്‍ 80ല്‍പ്പരം കരകൗശല തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിയുടെ മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് സംഘമാണ്. ഇതുകൂടാതെ സംഘത്തിന്റെ 47ഓളം പേരും ഇവിടെ ജോലി ചെയ്യുന്നു.

കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക് പദ്ധതി

26 ഏക്കറില്‍ 600 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സൈബര്‍ പാര്‍ക്ക് പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്വപ്‌ന പദ്ധതിയാണ്. സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ നിര്‍മ്മാണം പുരോഗമിക്കുന്ന സൈബര്‍ പാര്‍ക്ക് സമൂഹത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നൽകാൻ സഹായകരമാകും.

ഇതിന്റെ ആദ്യഘട്ടമായ 210 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകും.

Top