രവീന്ദ്ര ജഡേജ ടെസ്‌റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത്‌

ഇന്ത്യയുടെ രവീന്ദ്ര ജഡേജ ടെസ്‌റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത്‌. പുതുക്കിയ ഐ.സി.സി. റാങ്കിങ്ങിലാണ്‌ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ രണ്ടാം സ്‌ഥാനത്തെത്തിയത്‌. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളിയാണ്‌ ജഡേജ മുന്നേറിയത്‌. വെസ്‌റ്റിന്‍ഡീസ്‌ താരം ജെയ്‌സണ്‍ ഹോള്‍ഡറാണ്‌ ഒന്നാമന്‍.

രണ്ടാം സ്‌ഥാനത്തുള്ള ജഡേജയ്‌ക്ക് 386 പോയിന്റാണ്‌ ഉള്ളത്‌. ഒന്നാം സ്‌ഥാനത്തുള്ള ഹോള്‍ഡറിനേക്കാള്‍ 37 പോയിന്റ്‌ പിന്നിലാണു ജഡേജ. മൂന്നാമനായ സ്‌റ്റോക്‌സ് ജഡേജയേക്കാള്‍ ഒരു പോയിന്റ്‌ മാത്രം പിന്നിലാണ്‌. ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന രണ്ടു ടെസ്‌റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സ്‌റ്റോക്‌സ് കളിക്കുന്നില്ല. ഐ.പി.എല്ലിനിടെ സംഭവിച്ച പരുക്ക്‌ ഭേദമാകാത്തതാണു കാരണം.
ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്‌റ്റില്‍ പരുക്കേറ്റ ശേഷം രവീന്ദ്ര ജഡേജ ടെസ്‌റ്റില്‍ കളിച്ചിട്ടില്ല.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവിചന്ദ്രന്‍ അശ്വിന്‍ നാലാം സ്‌ഥാനത്തുണ്ട്‌. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സ്വന്തം നാടായ ചെന്നൈയില്‍ അശ്വിന്‍ സെഞ്ചുറി നേടിയിരുന്നു. മുപ്പതിലധികം വിക്കറ്റുകളും വീഴ്‌ത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമതുള്ള അശ്വിനാണ്‌ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരേ തിളങ്ങിയ ന്യൂസീലന്‍ഡ്‌ താരം ടിം സൗത്തി മൂന്നാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലി അഞ്ചാം സ്‌ഥാനത്ത്‌ തുടരുന്നു. ഋഷഭ്‌ പന്ത്‌ ആറാമതുണ്ട്‌. ഓപ്പണര്‍ രോഹിത്‌ ശര്‍മ ഒരു സ്‌ഥാനം കയറി ഏഴാം സ്‌ഥാനത്തെത്തി.

Top