മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 11 : ഇന്നുമുതൽ വിൻഡോസ് 11 -ലേക്ക് അപ്ഗ്രേഡ് ചെയ്യാം

ഈ വർഷം ജൂണിലാണ് അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഡെസ്ക്ടോപ്പുകൾക്കും, ലാപ്ടോപ്പുകൾക്കുമുള്ള തങ്ങളുടെ പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 11 അവതരിപ്പിച്ചത്. കെട്ടിലും മട്ടിലും കാര്യമായ പുതുമയുമായി അവതരിപ്പിച്ച വിൻഡോസ് 11 ഡൗൺലോഡ് ചെയ്തത് പ്രവർത്തിപ്പിക്കാൻ പക്ഷെ തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ഇത്രയും ദിവസം സാധിച്ചിരുന്നത്. എന്നാൽ ഒക്ടോബർ 5 (ഇന്ന്) മുതൽ വിൻഡോസ് 11 അപ്‌ഗ്രേഡിന് യോഗ്യതയുള്ള എല്ലാ ഡെസ്‌ക്ടോപ്പുകളിലും ലാപ്ടോപ്പുകളിലും ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

ഏസർ, അസൂസ്, ഡെൽ, എച്ച്പി, ലെനോവോ തുടങ്ങിയ കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ നിന്നുള്ള പുതിയ വിൻഡോസ് പിസികളിൽ ഇത് വിൻഡോസ് 11 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് ഇപ്പോൾ വില്പനക്കെത്തുന്നത്. അടുത്ത വർഷം പകുതിയോടെ പുതുതായി വിപണിയിലെത്തുന്ന എല്ലാ ബ്രാൻഡുകളുടെയും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന പിസികൾക്കും വിൻഡോസ് 11 നൽകാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്.

എങ്ങനെ വിൻഡോസ് 11 ഡൗൺലോഡ് ചെയ്യാം?

പിസിയിലെ വിൻഡോസ് അപ്‌ഡേറ്റ് വിഭാഗത്തിലേക്ക് പോയി നിങ്ങൾക്ക് നിങ്ങളുടെ പിസിയിൽ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാം. നിങ്ങളുടെ പിസിയുടെ സ്പെസിഫിക്കേഷൻ വിൻഡോസ് 11 ഡൗൺലോഡ് ചെയ്തുപയോഗിക്കാൻ യോഗ്യമാണോ എന്നറിയാൻ മൈക്രോസോഫ്റ്റിന്റെ പിസി ഹെൽത്ത് ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു പരിശോധിക്കാം. കുറഞ്ഞത് 64-ബിറ്റ് x86 അല്ലെങ്കിൽ ARM പ്രോസസർ, 4 ജിബി റാമും, 64 ജിബി സ്റ്റോറേജും വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമാണ്.

വിൻഡോസ് 11

പരിഷ്കരിച്ച ഇന്റർഫേസ് ആണ് വിൻഡോസ് 11-ലെ പ്രധാന മാറ്റം. വിൻഡോസ് 10ൽ എല്ലാ മെനു, വിൻഡോകളുടെ പാർശ്വങ്ങൾ ഷാർപ്പ് ആണെങ്കിൽ വിൻഡോസ് 11-ൽ വൃത്താകൃതിയിലുള്ള കോണുകളാണ്. പെർഫോമൻസിൽ ഈ മാറ്റത്തിന് സ്വാധീനമില്ല എങ്കിലും കാഴ്ച്ചയിൽ ഇന്റർഫെയ്‌സിന് പുതുമ നൽകുന്നുണ്ട്. മാത്രമല്ല സ്‌ക്രീനിന്റെ മധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന സ്റ്റാർട്ട് മെനു മറ്റൊരു പുതുമയാണ്.

വിൻഡോസ് 10ന്റെ സ്റ്റാർട്ട് മെനുവിൽ പ്രദർശിപ്പിച്ചിരുന്ന ലൈവ് ടൈൽസ് വിൻഡോസ് 11ൽ ഇല്ല. പകരം റെക്കമെൻഡഡ്‌ ആപ്പ്സ് എന്ന പേരിൽ ഉപഭോക്താവിന് പ്രസക്തമായ ചില ആപുകൾ സ്റ്റാർട്ട് മെനുവിന്റെ കീഴ്ഭാഗത്ത് പ്രദർശിപ്പിക്കും. പുതിയ സ്റ്റാർട്ടപ്പ് ശബ്‌ദം ഉൾപ്പെടെ അലേർട്ടുകൾക്ക് വിൻഡോസ് 11 വ്യത്യസ്തമായ ശബ്ദമാണ്. പുതിയ തീമുകൾ, പുതിയ വാൾപേപ്പറുകൾ, മികച്ച ഡാർക്ക് മോഡ് എന്നിവയും വിൻഡോസ് 11ൽ ഉൾപെടുത്തിയിട്ടുണ്ട്.ഒരേ സമയം ഒന്നിലധികം പ്രവർത്തികൾ ചെയ്യുന്നവർക്ക് മികച്ച മൾട്ടിടാസ്കിംഗ് അനുഭവത്തിനായി, ഡെസ്ക്ടോപ്പിന്റെ ഒന്നിലധികം ഏരിയകൾക്കിടയിൽ ആക്റ്റീവ് സ്ക്രീനുകൾ ഡിവൈഡ് മാക്സിമൈസ് ബട്ടൺ വഴി അനുവദിക്കും. മൈക്രോസോഫ്റ്റ് ഈ പുതിയ ഫീച്ചറിനെ സ്നാപ്പ് ലേയൗട്ടുകൾ എന്ന് എന്നാണ് വിളിക്കുന്നത്.

Top