ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാനുള്‍പ്പടെ അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മലയാളി ജവാനുള്‍പ്പടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച് വെെശാഖാണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. പൂഞ്ച് ജില്ലയിലെ സൂറന്‍കോട് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ മേഖലയില്‍ സെെന്യം തിരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു ആക്രമണം.

പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ നടത്തിയ വെടിവെപ്പിലാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റ് നാല് സൈനികരും കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരുടെയും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ജമ്മുവിലെ ചമ്രര്‍ വനമേഖലയിലേക്കും ഭീകരര്‍ നുഴഞ്ഞു കയറയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയതായും ഭീകര്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരിടവേളയ്ക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് മുതിര്‍ന്നതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരയില്‍ തീവ്രവാദ ആക്രമണങ്ങളും വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഏഴ് പ്രദേശവാസികളാണ് ഭീകരാക്രമണത്തില്‍ മരണപ്പെട്ടത്. ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തില്‍ തീവ്രവാദികളോട് അനുഭാവമുള്ള 900 പേരെ സെെന്യം തടവിലാക്കിയിട്ടുണ്ട്.

Top