അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ പ്രധാന പങ്കാളിയാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ പ്രധാന പങ്കാളിയാണെന്ന് ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍.സി.ബി ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് കൂട്ടുകെട്ടില്‍ അഭിഭാജ്യമായ ഭാഗമാണ് ആര്യന്‍. മയക്കുമരുന്ന് അനധികൃതമായി എത്തിക്കുന്നതിനുള്ള രാജ്യാന്തര ലഹരിമരുന്ന് കണ്ണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്നും എന്‍.സി.ബി അറിയിച്ചു.

മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് എന്‍.സി.ബി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലഹരിഇടപാടിലെ ഗൂഢാലോചനയില്‍ ആര്യന്‍ ഖാനും മറ്റ് പ്രതികളും പങ്കാളികളാണ്. ആര്യന്റെ നിര്‍ദേശപ്രകാരമാണ് അര്‍ബാസ് മെര്‍ച്ചന്റ് ലഹരി എത്തിച്ചത്. അത് അര്‍ബാസിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്- എന്‍.സി.ബി ഉന്നയിച്ചു.

അതേസമയം, ആര്യനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അമിത് ദേശായി ചൂണ്ടിക്കാട്ടി. പ്രതീക് ഗവ എന്നയാളാണ് ആര്യനെ ആഡംബര കപ്പലിലെ പാര്‍ട്ടിക്ക് ക്ഷണിച്ചത്. അയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഇക്കാര്യം പരിശോധിക്കാന്‍ ശ്രമിച്ച തന്നെ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു സംസാരിച്ചുവെന്നും അഭിഭാഷകന്‍ അറിയിച്ചു.

Top