ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 47 ആയി.

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 47 ആയി. ഇവരില്‍ 28 പേര്‍ നൈനിറ്റാള്‍ ജില്ലയിലാണ് നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടുകിടക്കുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രി വരെ മഴ തുടര്‍ന്നു. മഴമേഘങ്ങള്‍ കിഴക്കന്‍ ദിശയിലേക്ക് നീങ്ങിയതായും ഉത്തര്‍പ്രദേശ്, ബിഹാര്‍, സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, വടക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

നൈനിറ്റാള്‍ ജില്ല ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. ഗര്‍ഹ്‌വാളില്‍ സ്ഥിതി നിയന്ത്രണ വിധേയമായി. ‘ചര്‍ധം യാത്ര’ ഇന്ന് പുനരാരംഭിക്കുമെന്ന് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. നൈനിറ്റാള്‍, ഹല്‍ദ്‌വാനി, ഉദ്ധംസിംഗ് നഗര്‍, ചമ്പാവത് എന്നിവിടങ്ങളിലാണ് മഴ ഏറെ നാശം വിതച്ചത്. കലിംപോങില്‍ റോഡുകള്‍ ഏറെക്കുറെ തകര്‍ന്നു.

Top