രാജ്യത്ത് കോവിഡ് വാക്സിനേഷന് യജ്ഞം 100 കോടി ഡോസ് പിന്നിട്ടു. വ്യാഴാഴ്ച രാവിലെ 9.48 ഓടെയാണ് ഈ ചരിത്ര നേട്ടത്തില്‍ എത്തിയത്. വാക്സിനേഷന് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിലാണ് ഈ നേട്ടം. ചൈന മാത്രമാണ് ഇതിനു മുന്‍പ് 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുന്നത്.
ചരിത്ര നേട്ടത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് ചെങ്കോട്ടയില ആഘോഷ പരിപാടികള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡ്യവിയ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു ഗാനവും ഓഡിയോ വിഷ്വല്‍ ഫിലിമും അദ്ദേഹം പുറത്തിറക്കും. ചരിത്ര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. നേട്ടത്തില്‍ എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് ഇതിനകം 103.5 കോടി ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് മഹാമാരി നേരിടുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും 35,000 കോടി രൂപയാണ് വാക്സിന് ഉത്പാദത്തിനായി മാറ്റിവച്ചിരിക്കുന്നതെന്നും ആരോഗ്യസഹമന്ത്രി ഭാരതി പവാര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായി നിതി അയോഗ് ആരോഗ്യ വിഭാഗം മേധാവി വി.കെ പോള്‍ അറിയിച്ചു. മറ്റേതു രാജ്യത്തേക്കാള്‍ നിര്‍ണായകമായ നേട്ടമാണ് ഒമ്പത് മാസത്തിനുള്ളില്‍ രാജ്യം നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിനാണ് രാജ്യത്ത് വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ പ്രര്ത്തിക്കുന്നവര്ക്കുമായിരുന്നു ആദ്യം വാക്സിന് നല്‍കിയത്. മാര്‍ച്ച് ഒന്നിന് മുതിര്‍ന്ന പൗരന്മാര്ക്ക് വാക്സിന് വിതരണം ആരംഭിച്ചു. മേയ് ഒന്നു മുതലാണ് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കിത്തുടങ്ങി.100 കോടി ഡോസ് പിന്നിടുമ്പോഴും അതില്‍ 30% പേര് മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. 70% പേരും ഒരു ഡോസ് മാത്രമാണ് സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ടാം ഡോസ് വാക്സിന് നല്കിയിരുന്നതെങ്കില് പിന്നീടത് 84 ദിവസത്തെ ഇടവേളയാക്കി. ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വാക്സിന്റെ വിതരണം സംബന്ധിച്ചും അന്തിമ തീരുമാനത്തിലെത്തിയത്.