ഇന്ധന വില നാള്‍ക്കുനാള്‍ കൂടുന്നതില്‍ ആശങ്കയിലാണ് രാജ്യത്തെ ജനങ്ങള്‍. ഇപ്പോള്‍ ഇക്കാര്യത്തില്‍ സാധ്യമായ ഒരു പരിഹാരം മുന്നോട്ട് വെച്ചിരിക്കുകയാണ് അസം ബിജെപി പ്രസിഡന്റ് ഭബേഷ് കലിത.പെട്രോള്‍ വില 200 ലെത്തിയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്ടാവാതിരിക്കാന് ഒരു ബൈക്കില്‍ മൂന്നു പേരെ യാത്ര ചെയ്യാനനുവദിക്കുന്നത് അസം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പെട്രോള്‍ വില 200 ലെത്തുമ്പോള്‍ ഇരു ചക്രവാഹനങ്ങളില്‍ മൂന്ന് പേരെ കയറ്റാന്‍ ഞാന്‍ നിര്‍ദ്ദേശിക്കും. ആ സമയത്ത് മൂന്ന് പേരെ മോട്ടോര്‍ സൈക്കിളില്‍ കയറ്റാനുള്ള അനുമതി സര്‍ക്കാരിനോട് നമുക്ക് തേടാം. മൂന്ന് സീറ്റുകളുള്ള മോട്ടോര്‍ സൈക്കിള്‍ നിര്മ്മിക്കുന്നതിനെപറ്റിയും ആലോചിക്കാം, കലിത പറഞ്ഞു. 101.97 രൂപയാണ് അസമില്‍ നിലവിലെ പെട്രോള്‍ വില. 94.43 രൂപയാണ് ഡീസല്‍ വില.
ബിജെപി നേതാവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കരായ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് അസം കോണ്‍ഗ്രസ് പ്രതികരിച്ചു. ജൂണ്‍ മാസത്തിലാണ് ബിജെപിയുടെ അസം ജില്ലയിലെ പ്രസിഡന്റായി ഭബേഷ് കലിതയെ തെരഞ്ഞെടുത്തത്.