ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.

ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. നഗരങ്ങളിലും വില്ലേജ് – താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണ്. വില വർധന ക്ഷേമ പദ്ധതികൾക്കും വാക്സിനേഷനുമാണെന്നത് അസംബന്ധമാണെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാക്സിനേഷന് അനുവദിച്ച 35,000 കോടി എവിടെയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷക സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും സീതാറാം യെച്ചൂരി അറിയിച്ചു. സാധ്യമായ രീതിയിൽ എല്ലാം ഐക്യദാർഢ്യപ്പെടും. നവംബർ 26 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലിനെതിരെ നടക്കുന്ന സമരങ്ങൾക്കും സിപിഎം പിന്തുണ അറിയിച്ചു. നൂറ് കോടി വാക്സിനേഷൻ വലിയ കാര്യം തന്നെയാണ്. പക്ഷെ എത്രയോ മുൻപ് തന്നെ ഈ നൂറ് കോടി എത്താമായിരുന്നു. ഇക്കാര്യത്തില്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായി. ജനസംഖ്യയുടെ 21% മാത്രമേ ഇപ്പോഴും മുഴുവനായി വാക്സിൻ നൽകാൻ ആയിട്ടുള്ളു. ഒരു ദിവസം വെറും 40 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് നൽകുന്നത്. വാക്സിനേഷൻ വർധിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Top