മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം.പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചു

മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. ഇന്നലെ തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകരാണ് പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​ ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എംഎല്‍എയുമായ വേല്‍മുരുകന്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും വേൽമുരുകൻ ആവശ്യപ്പെട്ടു. 120 വർഷത്തോളം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രസ്താവന. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Top