പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടത്തി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടത്തി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ പാര്‍ട്ടിയുടെ പേരും അടയാളവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. പുതിയ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കുമെന്നും 117 സീറ്റിലും മത്സരിക്കുമെന്നും അമരീന്ദര്‍ അറിയിച്ചു. ക്യാപ്റ്റന്‍ അമരീന്ദര്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടിയിലെത്തിച്ചേരുമെന്ന് അമരീന്ദര്‍ വ്യക്തമാക്കി. സഖ്യ രൂപീകരണം സംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നാളെ ചര്‍ച്ച നടത്തുമെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്ന് ഇപ്പോഴും രാജിവെച്ചിട്ടില്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ ഇത്രയും കാലം കോണ്‍ഗ്രസിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പത്തുദിവസം കൂടി അതു തുടര്‍ന്നാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു അമരീന്ദറിന്റെ മറുചോദ്യം. അതേസമയം അമരീന്ദര്‍ മുഖ്യ എതിരാളിയായ നവജ്യോത് സിങ് സിദ്ദു ഏത് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചാലും അവിടെ തന്റെ പാര്‍ട്ടി മല്‍സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി.

പഞ്ചാബ് കോണ്‍ഗ്രസിലെ തല മുതിര്‍ന്ന നേതാവായ അമരീന്ദര്‍ പാര്‍ട്ടി വിടുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുമ്പോഴാണെന്നത് പാര്‍ട്ടിക്ക് കനത്ത തിരച്ചടിയാണ് നല്‍കുന്നത്. രാഷ്ട്രീയ ചാണക്യനായ മുന്‍ മുഖ്യമന്ത്രി അമരീന്ദറിനെ തളയ്ക്കുക എളുപ്പമല്ലെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. കര്‍ഷക സമരങ്ങള്‍ ചൂടുപിടിക്കുന്ന പഞ്ചാബ് രാഷ്ട്രീയത്തില്‍ ബിജെപി മുഖം നഷ്ടപ്പെട്ടിരിക്കെയാണ് പിടിവള്ളിയായി അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുടെ രൂപീകരണം. നേരത്തെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരും പ്രതിഷേധക്കാരും തമ്മില്‍ ചര്‍ച്ചക്ക് അമരീന്ദര്‍ മധ്യസ്ഥത വഹിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Top