“കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിലൂടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും” അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു

അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിലൂടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും. പുതിയ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് അംഗീകൃത, NDMC, MCDകൾ, ഡൽഹി കന്റോൺമെന്റ് ബോർഡ് സ്‌കൂളുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. ഓൺലൈൻ അധ്യാപന-പഠന പ്രവർത്തനങ്ങളും ബോർഡ് ക്ലാസുകൾക്കായുള്ള പരീക്ഷകളും 14.11.2021 ലെ സർക്കുലർ നമ്പർ DE.23 (28)/Sch.Br./2021/637 പ്രകാരം നേരത്തെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, എസ്എംസി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരിലേക്ക് വിവരം എത്തിക്കാൻ സ്‌കൂൾ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ വായു മലിനീകരണ തോത് നേരിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ‘മലിനീകരണ ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചിരുന്നു. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നവംബർ 14 മുതൽ നവംബർ 17 വരെ നിരോധിച്ചു. സർക്കാർ ഓഫീസ് ജീവനക്കാരോട് ഒരാഴ്ചത്തേക്ക് വീട്ടിൽ നിന്ന് (WFH) ജോലി ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

Top