ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനി തന്റെ സ്വത്തുക്കൾ വീതംവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് സൂചന. വർഷങ്ങളായി ഇതിനായി വിവിധ വഴികൾ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്. തന്റെ 208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കുേമ്പാൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ് 64കാരനായ അംബാനി നടത്തുന്നത്.
വാൾമാർട്ടിന്റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി തന്നെയാവും മുകേഷ് അംബാനിയും പിന്തുടരുക. മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.
മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയൻസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സംഘവുമുണ്ടാകും.