താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്

താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. നവംബര്‍ 29 ന് 60 ട്രാക്ടറുകള്‍ ട്രാക്ടര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. ഞങ്ങള്‍ റോഡുകള്‍ തടഞ്ഞെന്ന് ആരോപിച്ചിരുന്നു. റോഡ് തടയുന്നത് ഞങ്ങളുടെ രീതിയല്ല. സര്‍ക്കാരുമായി സംസാരിക്കാനാണ്. ഞങ്ങള്‍ നേരെ പാര്‍ലമെന്റിലേക്ക് പോകുന്നത്-ടികായത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടികായത്തിന്റെ പ്രസ്താവന. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടികായത്ത് പറഞ്ഞു.

താങ്ങുവിലയില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് നവംബര്‍ 29നാണ് തുടക്കമാകുക. ദില്ലിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അറിയിച്ചിരുന്നു. നാളെ ഹൈദരാബാദില്‍ കാര്‍ഷിക സമര വാര്‍ഷികാചരണം മഹാധര്‍ണ എന്ന പേരില്‍ നടക്കും.

മഹാധര്‍ണയില്‍ നിരവധി കര്‍ഷക നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞയാഴ്ചയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ശൈത്യകാല സമ്മേളനത്തില്‍ നിയമം പാര്‍ലമെന്റ് നടപടി പ്രകാരം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Top