കൊറോണ വൈറസിന്‍റെ കൂടുതൽ അപകടകരമായ ഒമൈക്രോൺ വകഭേദം മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു.

കൊറോണ വൈറസിന്‍റെ കൂടുതൽ അപകടകരമായ ഒമൈക്രോൺ വകഭേദം മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു. ബ്രിട്ടൺ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

രണ്ട് കേസുകളാണ് ബ്രിട്ടണിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം ഒരാളിൽ സ്ഥിരീകരിച്ചത്. മൊസാംബിക്കിൽ നിന്നെത്തിയയാൾക്കാണ് രോഗബാധ.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേർക്ക് ഹോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമൈക്രോൺ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.

ഒമൈക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ്​ അതിന്‍റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഒമൈക്രോൺ പുതിയ ഭീഷണിയാകുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണമേർപ്പെടുത്തിക്കഴിഞ്ഞു.

Top