ഒമിക്രോൺ ഭീതി : വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ

വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഒമിക്രോൺ ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നു മുതൽ കർശന നിബന്ധനകൾ. കോവിഡ് കേസുകളിൽ കുറവുവന്നതിനെ തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ പൂർവസ്ഥിതിയിലാക്കാൻ തയാറെടുക്കുമ്പോഴാണു വീണ്ടും ഈ നിയന്ത്രണം.

വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർ യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണം. 72 മണിക്കൂർ മുൻപു ലഭിച്ച നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ട് അപ്‍ലോഡ് ചെയ്യണം, കയ്യിൽ കരുതണം. അതേസമയം 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട.കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രമേ യാത്ര അനുവദിക്കൂ. ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്യണം. റിസ്ക് വിഭാഗം രാജ്യങ്ങളിൽ നിന്നു വരുന്നവർ യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവെങ്കിൽ യാത്ര ചെയ്യാം.

ഇന്ത്യയിലെത്തിയ ശേഷവും കോവിഡ് പരിശോധന, ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ തുടരണം. (കണക്റ്റിങ് ഫ്ലൈറ്റ് ആണെങ്കിലും ഫലം വന്ന ശേഷമേ തുടർയാത്ര അനുവദിക്കൂ)
നെഗറ്റീവെങ്കിൽ എത്തിച്ചേരുന്ന സ്ഥലത്ത് 7 ദിവസം സ്വന്തമായി ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവായാലും 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം. ഫലം പോസിറ്റീവായാൽ ഐസലേഷനിൽ ചികിത്സ. സാംപിൾ ജനിതക പരിശോധനയ്ക്കു വിടും.

Top