പൊതുമരാമത്ത് വകുപ്പിന്റെ പീപ്പിള്‍സ് റസ്റ്റ് ഹൗസ് വൻ വിജയം , ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി

പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി ഒരുമാസം പിന്നിട്ടു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ 1 മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം 4604 ബുക്കിംഗ് ആണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 27,84,213 രൂപയുടെ വരുമാനവും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച മന്ത്രി ഏറ്റെടുത്ത ജനങ്ങളോട് പ്രത്യേകം നന്ദിയും പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കേരള പിറവി ദിനത്തില്‍ ആരംഭിച്ചു. റസ്റ്റ് ഹൗസ് സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതുസംബന്ധിച്ച് നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളാണ് ഉള്ളത്. താമസത്തിന് പുറമെ റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍, ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍, നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കുകയായിരുന്നു ലക്ഷ്യം. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Top