പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണം – കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി

കെ മുരളീധരൻ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചൂടുള്ളപ്പോൾ കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടർന്നു പിടിക്കാൻ കാരണം പിണറായി സർക്കാർ ആണെന്നാണ് മുരളീധരൻ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്ന്‌ വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായി തന്നെ സംഘപരിവാർ കൂടാരത്തിൽ ആണ് കെ മുരളീധരൻ. പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാൻ കണ്ണാടിയിൽ നോക്കണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മുഖ്യമന്ത്രിയോടുള്ള കെ മുരളീധരന്റെ വൈരാഗ്യ നിലപാട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുൻ കെ പി സി സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഉണ്ട്‌.

മേയർ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമർശവും ഇത് ആദ്യത്തേതല്ല. കേരളത്തിലെ യുവാക്കളും സ്ത്രീകളും ഇതൊക്കെ കാണുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് പച്ച തൊടാൻ ആവാത്തതിന്റെ കൊതിക്കെറുവ് മേയർക്ക് മേൽ തീർക്കാൻ ആണ് മുരളീധരന്റെ ശ്രമം. ഇത്തരം പ്രസ്താവനകൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോൺഗ്രസും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Top