ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പിന്നാലെ കൂട്ടരാജി തുടരുന്നു. യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും ഉടന്‍ രാജിവെച്ചേക്കും

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പിന്നാലെ കൂട്ടരാജി തുടരുന്നു. യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും ഉടന്‍ രാജിവെച്ചേക്കും. ആയൂഷ് മന്ത്രി ധരം സിംഗ് സൈനിയാണ് പുതിയതായി രാജിക്കൊരുങ്ങുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിയും സുരക്ഷയും ഒഴിവാക്കി കഴിഞ്ഞു. ഇന്ന് രാജിവെക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് സൈനി.

നേരത്തെ രണ്ട് മന്ത്രിമാരുള്‍പ്പെടെ ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവെച്ച മന്ത്രി മൗര്യയുടെ അടുത്ത അനുയായിയാണ് സൈനി. തനിക്കൊപ്പം കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് മൗര്യയുടെ വാക്കുകള്‍ അടിവരയിട്ടാണ് പുതിയ രാജി. ദളിത്, പിന്നോക്ക വിഭാഗങ്ങളോടുള്ള യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ മനോഭാവത്തില്‍ അതൃപ്തി അറിയിച്ചാണ് എംഎല്‍എ മുകേഷ് വര്‍മ്മ രാജിവെച്ചത്.

നേരത്തെ രണ്ട് ഒബിസി നേതാക്കളായ മന്ത്രിമാര്‍ സമാന കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു. പാര്‍ട്ടി വിട്ട നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 7 എംഎല്‍എമാരാണ് യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രാജിവെച്ചിരിക്കുന്നത്.

Top