കെ റെയില്‍ വിശദീകരണ യോഗത്തിനിടെയുണ്ടായ ജയ് ഹിന്ദ് ചാനല്‍ ഡ്രൈവറിന്റെ രണ്ടര പവന്റെ സ്വര്‍ണ്ണ മാല മോഷ്ടിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ -ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍

കെ റെയില്‍ വിശദീകരണ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മാല സിപിഐഎം പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍. മോഷണം പോയിയെന്ന് പറഞ്ഞ മാല അപഹരിച്ചത് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലൊരാളാണെന്ന് ഷാജര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊലീസ് വാഹനത്തില്‍ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാജര്‍ ഇക്കാര്യം പറഞ്ഞത്.

എം ഷാജര്‍ പറഞ്ഞത്:

”ജയ് ഹിന്ദ് ചാനല്‍ ഡ്രൈവറിന്റെ രണ്ടര പവന്റെ സ്വര്‍ണ്ണ മാല സംഘര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടു എന്ന് കെപിസിസി പ്രസിഡന്റ് തന്നെ തട്ടി വിടുന്നു. എന്നാല്‍ ‘ചെയിന്‍ നഷ്ടപ്പെട്ട’ കൊണ്‌ഗ്രെസ്സ് ഗൂണ്ടയാകട്ടെ ദിനേശ് ഓഡിറ്റോറിയം മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ ഉള്ള സംഭവങ്ങള്‍ എല്ലാം എഫ് ബി ലൈവ് ചെതിട്ടുമുണ്ട്. പ്രസ്തുത ലൈവില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പോലീസ് ബസ്സില്‍ വെച്ച് സ്വര്‍ണ്ണ മാല അയാള്‍ തന്നെ കയ്യില്‍ പിടിച്ചിരിക്കുന്നത് കാണാം.” ”ലൈവ് അവസാനിക്കുന്നത് കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ കയറിയ ശേഷം ആണ്. പോലീസ് ബസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ മാത്രമാണ് ഉള്ളത്. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ് സുധാകരന്‍ മോഷണം പോയി എന്ന് പറഞ്ഞ മാല അപഹരിച്ചത് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളില്‍ ഒരാളാണ്.” ”സമരത്തിന് എന്ന പേരില്‍ കൂട്ടി കൊണ്ട് വന്ന് നാട്ടുകാരുടെ കയ്യില്‍ നിന്ന് തല്ലും വാങ്ങിച്ചു കൊടുത്തു ഒടുവില്‍ അയാളുടെ സ്വര്‍ണ്ണ മാലയും മോഷ്ടിച്ച യൂത്ത് കോണ്‍ഗ്രസിന് നമോവാകം.

കട്ടവന്റെ വാക്കും കേട്ട് പ്രസ്താവന ഇറക്കി അപഹാസ്യനായ കെപിസിസി ഗുണ്ടയ്ക്കും നല്ല നമസ്‌കാരം. അതേ സമയം, ഇന്നലെ രാത്രി മുതല്‍ കണ്ണൂര്‍ സബ് ജയിലില്‍ തോണ്ടി മുതലും ധൃക്‌സാക്ഷിയും കളിയില്‍ ആണെന്നും കേട്ടു..”ഇന്നലെയാണ് ജയ്ഹിന്ദ് ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാല സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്ന ആരോപണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉന്നയിച്ചത്. കൊള്ളസംഘം പെരുമാറുന്നത് പോലെയാണ് സിപിഐഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടതെന്നും അതിന് തെളിവാണ് മാല മോഷ്ടിച്ച സംഭവമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാല സഹിതം പൊലീസ് വാഹനത്തിന്റെ ഉള്ളില്‍ ഇരിക്കുന്ന മനേഷ് കൊറ്റാളിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

Top