അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര – ബിരുദ പരീക്ഷകളും എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് ആദ്യ അവസരമായിത്തന്നെ പരീക്ഷയെഴുതാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും എം.ജി സര്‍വകലാശാല

കൊവിഡ് – 19 രോഗബാധയുടെയോ കോവിഡ് നിയന്ത്രണങ്ങളുടേയോ ഫലമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര – ബിരുദ പരീക്ഷകളും എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് ആദ്യ അവസരമായിത്തന്നെ പരീക്ഷയെഴുതാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും സര്‍വ്വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി കോവിഡ് രോഗബാധ/ നിയന്ത്രണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.
ബിരുദ പ്രോഗ്രാമുകളുടെ അഞ്ചാം സെമസ്റ്ററിന് ഒരു സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ സര്‍വ്വകലാശാല എല്ലാ വര്‍ഷവും നടത്തുന്നതാണ്. നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ മൂലം അഞ്ചാം സെമിസ്റ്റര്‍ ബിരുദ പരീക്ഷ എഴുതുവാന്‍ കഴിയാത്തവര്‍ക്ക് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ആദ്യ അവസരമായി തന്നെ എഴുതാവുന്നതാണ്.

അതുപോലെ മെയ് മാസം അവസാന വാരത്തില്‍ 2021 അഡ്മിഷന്‍ ബിരുദാനന്തര – ബിരുദ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമിസ്റ്റര്‍ പരീക്ഷ നടത്തുവാനും സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന രണ്ടാം സെമിസ്റ്റര്‍ ബിരുദാന്തര – ബിരുദ പരീക്ഷകള്‍ കൊവിഡ് പ്രശ്‌നങ്ങള്‍ മൂലം എഴുതുവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക്ഈ പരീക്ഷ ഒന്നാമത്തെ അവസരമായി തന്നെ എഴുതാന്‍ അവസരമുണ്ടാകും. ബിരുദ, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളെ സെമസ്റ്റര്‍ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സമയബന്ധിതമായി ഇവയുടെ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം വിതരണം ചെയ്യുന്നതിനും ഉദ്ദേശിച്ചു മാത്രമാണ് സര്‍വ്വകലാശാല പരീക്ഷാ സമയക്രമം മാറ്റമില്ലാതെ തുടരുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Top