ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് നിർണായക മത്സരം.

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് നിർണായക മത്സരം. തുടരെ നാല് മത്സരങ്ങൾ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസിന് ഇന്ന് ജയിച്ചേ മതിയാവൂ. ഭേദപ്പെട്ട പ്രകടനം നടത്തുന്ന പഞ്ചാബ് കിംഗ്സ് ആണ് മുംബൈയുടെ ഇന്നത്തെ എതിരാളികൾ. 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച പഞ്ചാബ് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മുംബൈയെപ്പോലെ തുടരെ നാല് മത്സരങ്ങൾ പരാജയപ്പെട്ട ചെന്നൈ ഇന്നലെ ആദ്യ ജയം നേടിയിരുന്നു. തങ്ങൾക്കും ഇന്ന് ആദ്യ ജയം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുബൈ.

ബൗളിംഗ് ആണ് മുംബൈയുടെ പ്രശ്നം. സ്ലോഗ് ഓവറുകളിൽ പന്തെറിയാൻ ആളില്ലാത്തത് മുംബൈയെ വലയ്ക്കുന്നുണ്ട്. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ വെറും 2 വിദേശ താരങ്ങൾ മാത്രമാണ് മുംബൈയ്ക്കായി കളിച്ചത്. ഇഷാൻ കിഷന് 14 കോടി രൂപ മുടക്കിയതും ഈ സീസണിൽ കളിക്കില്ലെന്നറിഞ്ഞിട്ടും ജോഫ്ര ആർച്ചറെ ടീമിലെത്തിച്ചതും മുംബൈയുടെ ടീം ബാലൻസിനെ ബാധിച്ചിട്ടുണ്ട്. ബേസിൽ തമ്പി, തൈമൽ മിൽസ്, ജയദേവ് ഉനദ്കട്ട്, മുരുഗൻ അശ്വിൻ എന്നിങ്ങനെ നീളുന്ന ബൗളിംഗ് നിരയിൽ ബെഞ്ചിലിരിക്കുന്നത് മായങ്ക് മാർക്കണ്ഡെ, റൈലി മെരെഡിത്ത്, ഫാബിയൻ അലൻ തുടങ്ങിയ താരങ്ങളാണ്.

ബൗളിംഗ് നിര ശരാശരിക്കും താഴെ. ബാറ്റിംഗ് നിരയിൽ രോഹിത് ശർമ്മ ഫോമിൽ അല്ലാത്തതും തിരിച്ചടിയാണ്. എന്നാൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ എന്നിവരുടെ ഫോം അവർക്ക് ആശ്വാസമാണ്. ഡെവാൾഡ് ബ്രെവിസും പ്രതീക്ഷ നൽകുന്നു. മിസ്ഫയർ ചെയ്യുന്ന കീറോൺ പൊള്ളാർഡ് മുബൈക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. ടിം ഡേവിഡിന് വെറും രണ്ട് അവസരങ്ങൾ മാത്രം നൽകിയത് അത്ഭുതപ്പെടുത്തുന്നു. ഇന്ന് ടീമിൽ മാറ്റങ്ങളുണ്ടാവാനിടയുണ്ട്. രമൺദീപ് സിംഗിനു പകരം ടിം ഡേവിഡോ ഫേബിയൻ അലനോ എത്തും. ഉനദ്കട്ട്, ബേസിൽ തമ്പി എന്നിവരിൽ ഒരാൾക്ക് പകരം തൈമൽ മിൽസും കളിക്കാനിടയുണ്ട്.

Top