ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറി.

ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറി. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇന്ന് വൈകിട്ടോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ചുഴലിക്കാറ്റ് രൂപംകൊണ്ടു.

അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. മെയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. പിന്നീട് ഇത് ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

അസാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ആന്ധ്ര ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ വൈകിട്ടോടെ അസാനി ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കരതൊടാതെ കടന്നുപോകും. തിങ്കളാഴ്ച ആഡ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് അസാനിയുടെ ഇപ്പോഴത്തെ സഞ്ചാരപാത. പശ്ചിമബംഗാളിലും കൊൽക്കത്തയിലും മഴ മുന്നറിയിപ്പുണ്ട്. ആശങ്കപ്പെടാനില്ലെന്നും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

Top