സംസ്ഥാന സർക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20,808 വീട്. ഭവന രഹിതരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. മെയ് 17 ന് വൈകീട്ട് തിരുവനന്തപുരം കഠിനംകുളത്താണ് ഉദ്ഘാടന ചടങ്ങ്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ലൈഫ് പദ്ധതിയിൽ 2,95,006 വീടുകൾ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂർത്തിയായ വീടുകളുടെ താക്കോൽദാനവും നടക്കും. നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകൾ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 34374 വീടുകൾ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ഛയങ്ങളിൽ നാലെണ്ണം അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പറയുന്നു സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭഗമായി 12000 വീടുകളാണ് പൂര്‍ത്തിയാക്കിയത്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കൾക്കു വിവിധ കാരണങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ട് വീട് നിർമാണം ആരംഭിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനു പ്രത്യേക പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്.