ഹരിദ്വാർ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ

ഹരിദ്വാർ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ. പ്രണയ വിവാഹം ചെയ്ത സഹോദരിയെ കൊന്നതിന്, ഒരു കുടുംബത്തിലെ 3 പേർക്ക് തൂക്കുകയർ. ഹരിദ്വാറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. 2018 മെയ് 18 ന് യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഖാൻപൂരിലെ ഷാപൂർ നിവാസിയായ പ്രീതി സിംഗ് 2014 ൽ അയൽ ഗ്രാമമായ ധർമ്മുപൂരിൽ താമസിച്ചിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു. കുടുംബത്തിൻ്റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് പ്രീതിയുമായുള്ള ബന്ധം വീട്ടുകാർ അവസാനിപ്പിച്ചു. എന്നാൽ 2018 മെയ് 18 ന് പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സഹോദരങ്ങളായ കുൽദീപ് സിംഗ്, അരുൺ സിംഗ് എന്നിവർ യുവതിയെ അറിയിച്ചു. ഇതിനായി ഖാൻപൂരിലെ അബ്ദിപൂർ ഗ്രാമത്തിലുള്ള മാതൃസഹോദരൻ സന്തർപാലിന്റെ വീട്ടിൽ എത്താനും ആവശ്യപ്പെട്ടു.

പ്രീതി എത്തിയ ഉടൻ കുൽദീപും അരുണും ബന്ധുവായ രാഹുലും യുവതിയെ ആക്രമിച്ചു. പ്രതികൾ കോടാലി, ചുറ്റിക എന്നിവ കൊണ്ട് കൂരമായി ആക്രമിക്കുകയും പ്രീതി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. പിന്നീട് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ ഖാൻപൂർ പൊലീസ് കുൽദീപ്, അരുൺ, രാഹുൽ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

Top