അതിജീവിതയ്ക്കൊപ്പം അന്ന് മുതൽ ഇന്ന് വരെ കൂടെ നിൽക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണപക്ഷത്തിന് എതിരായിട്ടുള്ള ആക്ഷേപങ്ങളിൽ യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും അദ്ദേഹം തൃക്കാക്കരയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ കാര്യങ്ങളും കോടതി തന്നെ പരിശോധിക്കുന്നതാകും നല്ലത്,അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചയദാർഢ്യത്തോടെയാണ് ഇടപെട്ടിട്ടുള്ളത് എൽഡിഎഫ് സർക്കാർ ആയതുകൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് പോലും കേരളത്തിൽ നടന്നത് എന്നാൽ യുഡിഎഫ് സർക്കാർ ആയിരുന്നേൽ അതിന് മുതിരുമായിരുന്നില്ലായെന്നും ആലുവയിൽ അന്വേഷിച്ചാൽ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സർക്കാർ ചെയ്ത്.ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്കൊപ്പമാണ് നടിക്കാവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും നടിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ കോടതിക്ക് മുന്നിൽ ബോധിപ്പിക്കട്ടെയെന്നും കൊടിയേരിബാലകൃഷ്ണൻ പറഞ്ഞു.
ചലച്ചിത്രമേളയിൽ അതിജീവിതയെ ഒപ്പം കൂട്ടി , അവർക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ചതാണ് ഈ സർക്കാർ ആ സർക്കാരിനെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കാമോയെന്നും അന്വേഷണത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.