സർക്കാർ കൂടെയുണ്ട് : മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ പരേതരായ ദമ്പതികളുടെ വിവാഹ രജിസ്ട്രേഷന് സർക്കാരിൻ്റെ അനുമതി – മന്ത്രി എം.വി ഗോവിന്ദൻ

പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ സി. ഭാസ്കരൻ നായരും ടി കമലവും വിവാഹിതരായത് 1969ൽ. ജൂൺ നാലിന്‌ കൊടുമ്പ്‌ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അന്നത്തെ കാലത്ത്‌ വിവാഹ രജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 1998ൽ കമലവും 2015ൽ ഭാസ്കരൻ നായരും മരിച്ചു.

ഇപ്പോൾ ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഇവരുടെ മകനായ ടി.ഗോപകുമാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അപൂർവ അനുമതി. ഗോപകുമാർ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ മകൻ, അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റർ ചെയ്ത്‌ നൽകാൻ അപേക്ഷ നൽകിയത്‌.സൈനിക റെക്കോർഡുകളിൽ ഭാസ്കരൻ നായരുടെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് കുടുംബപെൻഷൻ നിഷേധിച്ചിരുന്നു.

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ രജിസ്ട്രേഷൻ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങൾ രജിസ്ട്രേഷൻ(പൊതു) ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശിക്കുന്നില്ല. തുടർന്ന് സിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ്‌‌ മന്ത്രിയുടെ ഇടപെടൽ. 2008ലെ ചട്ടങ്ങളിൽ ഇത്‌ സംബന്ധിച്ച്‌ വ്യവസ്ഥകൾ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത്‌ രജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ്‌ തീരുമാനം.

മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്ന് കണ്ടാണ്‌ പ്രത്യേക ഇടപെടലെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ നിറവേറ്റാനും വേണ്ടിയാണ്‌. അവശ്യ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ്‌ സാഹചര്യത്തിൽ ഇന്ത്യക്ക് പുറത്ത്‌ താമസിക്കുന്ന ദമ്പതികൾക്ക്‌ നേരിൽ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഈ സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്‌. ആധുനിക ‌വിവര സാങ്കേതിക വിദ്യയുടെ കാലത്ത്‌ നേരിൽ ഹാജരാകാതെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന്‌ ചട്ടഭേദഗതി നടത്താനും നടപടികൾ ആരംഭിച്ചു കഴിഞ്ഞു

Top