ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം:റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി.വിദ്വേഷ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കൂടി ഇവിടെ എത്തിയിട്ടുണ്ട്.

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു .കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രകടനത്തിൽ കുട്ടിയെ ചുമലിലേറ്റി നടന്ന അൻസാർ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ പി.എ. നവാസും അറസ്റ്റിലായിട്ടുണ്ട്.

Top