കർണാടകയിലെ കൽബർഗിയിൽ മുസ്ലീം പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരനെയും സുഹൃത്തുക്കളിൽ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കലബുറഗി ജില്ലയിലെ വാദി മേഖലയിലാണ് സംഭവം.
ഭീമാ നഗർ ലേഔട്ടിൽ താമസിക്കുന്ന മുസ്ലീം പെൺകുട്ടിയുമായി വിജയ് കാംബ്ലെ(25) പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നെന്നും, എന്നാൽ ബന്ധം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് സ്വീകാര്യമായില്ലെന്നും പൊലീസ് അറിയിച്ചു. മുമ്പ് പെൺകുട്ടിയുടെ സഹോദരൻ വിജയുമായി വഴക്കുണ്ടാക്കുകയും, സഹോദരിയിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന് ശേഷവും വിജയ് പെൺകുട്ടിയുമായി പ്രണയം തുടർന്നു. ഇതോടെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ റെയിൽവേ ട്രാക്കിന് സമീപം ഇയാളെ തല്ലിക്കൊന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.