രഞ്ജി ട്രോഫിയിൽ മുംബൈ സെമിയിൽ.ഉത്തരാഖണ്ഡിനെ എറിഞ്ഞിട്ട മുംബൈ 725 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമാക്കി

രഞ്ജി ട്രോഫിയിൽ മുംബൈ സെമിയിൽ. ഉത്തരാഖണ്ഡിനെ തകർത്തെറിഞ്ഞാണ് മുംബൈ അവസാന നാലിലെത്തിയത്. രണ്ടാം ഇന്നിംഗ്സിൽ വെറും 69 റൺസിന് ഉത്തരാഖണ്ഡിനെ എറിഞ്ഞിട്ട മുംബൈ 725 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമാക്കി. ലോക ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന റൺ മാർജിൻ വിജയമാണിത്.

വെറും രണ്ട് പേരാണ് ഉത്തരാഖണ്ഡിൻ്റെ രണ്ടാം ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. അഞ്ച് പേർ ഡക്കായി. ധവാൽ കുൽക്കർണി, ഷംസ് മുലാനി, തനുഷ് കോടിയാൻ എന്നിവർ മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 25 റൺസെടുത്ത് പുറത്താവാതെ നിന്ന ശിവം ഖുറാനയാണ് ഉത്തരാഖണ്ഡിൻ്റെ ടോപ്പ് സ്കോറർ. കുനാൽ ചന്ദേല 21 റൺസ് നേടി പുറത്തായി.

ആദ്യ ഇന്നിങ്സിൽ മുംബൈ 647 റൺസ് എടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. സുവേദ് പർകാർ (252), സർഫറാസ് ഖാൻ (153) എന്നിവരാണ് മുംബൈക്കായി ആദ്യ ഇന്നിംഗ്സിൽ മികച്ചുനിന്നത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 114 റൺസിന് ഓൾ ഔട്ടായി. ഇന്നിംഗ്സിൽ ഷംസ് മുലാനി മുംബൈക്കായി 5 വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ 261 റൺസ് എടുത്ത് മുംബൈ വീണ്ടും ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാൾ (103) രണ്ടാം ഇന്നിംഗ്സിൽ മുംബൈയുടെ ടോപ്പ് സ്കോററായി. പൃഥ്വി ഷാ (72), ആദിത താരെ (57) എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി.

Top