അയർലൻഡിനെതിരായ ടി-20 പരമ്പരയിൽ സഞ്ജു സാംസണും രാഹുൽ ത്രിപാഠിയ്ക്കും അവസരം ലഭിച്ചേക്കില്ലെന്ന് ആകാശ് ചോപ്ര

അയർലൻഡിനെതിരായ ടി-20 പരമ്പരയിൽ സഞ്ജു സാംസണും രാഹുൽ ത്രിപാഠിയ്ക്കും അവസരം ലഭിച്ചേക്കില്ലെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. അയർലൻഡിനെതിരെ ദീപക് ഹൂഡ കളിക്കാനാണ് സാധ്യത. നാലാം നമ്പറിൽ കളിക്കാൻ ഹൂഡയ്ക്ക് അർഹതയുണ്ടെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

“പന്ത് നാലാം നമ്പറിൽ കളിക്കുമ്പോൾ അദ്ദേഹത്തിനു പകരം ആര് കളിക്കുമെന്നതാണ് വലിയ ചോദ്യം. രാഹുൽ ത്രിപാഠിയോ സഞ്ജു സാംസണോ ദീപക് ഹൂഡയോ? സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ കളിക്കും. ഇഷാനും ഋതുരാജും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. അതുകൊണ്ട് തന്നെ ദീപക് ഹൂഡ നാലാം നമ്പർ അർഹിക്കുന്നു. അഞ്ചാം നമ്പറിലെങ്കിലും ഹൂഡ കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഹാർദ്ദിക് നാലാം നമ്പറിൽ കളിച്ചേക്കും. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ സഞ്ജുവിനോ ഹൂഡയ്ക്കോ അവസരം ലഭിച്ചേക്കില്ല. ആകെ രണ്ട് ടി-20 കളാണ് ഉള്ളത്. എത്ര മാറ്റം കൊണ്ടുവരാനാവും?”- ആകാശ് ചോപ്ര ചോദിച്ചു.

രാഹുൽ ത്രിപാഠി ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തിയത്. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാവുന്നത്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ ടി-20 സ്‌ക്വാഡിലില്ല. ശ്രേയസ് അയ്യരും ഇടം പിടിച്ചില്ല.

Top