പാചക വാതക വിലവര്‍ധനവിന് പിന്നാലെ രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും

പാചക വാതക വിലവര്‍ധനവിന് പിന്നാലെ രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും. പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200 ആയും വര്‍ധിപ്പിച്ചു. രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കേണ്ടി വരും. പുതിയ പാചക വാതക കണക്ഷന്‍ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുകയാണ് എണ്ണ കമ്പനികള്‍ കൂട്ടിയത്. 750 രൂപയാണ് കൂടിയത്. ഇനി മുതല്‍ പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി നല്‍കണം.

നിലവില്‍ ഇത് 1,450 രൂപയായിരുന്നു. 14.2 കിലോ സിലിണ്ടര്‍ കണക്ഷന്റെ തുകയാണ് 1,450ല്‍ നിന്ന് 2,200 രൂപയാക്കിയത്. ഇതിനുപുറമേ 5 കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. ഇതിനൊപ്പം ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നല്‍കണം.

ഇപ്പോള്‍ 14.2 കിലോ സിലിണ്ടര്‍ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നല്‍കേണ്ടി വരും. 5 കിലോ സിലിണ്ടര്‍ കണക്ഷനായി 450 രൂപയും അധികം നല്‍കേണ്ടി വരും. കഴിഞ്ഞ മാസം പാചകവാതക സിലിണ്ടര്‍ വില വീണ്ടും ഉയര്‍ത്തിയതിനു പിന്നാലെയാണ് വീണ്ടും ഇത്തരത്തില്‍ ഉള്ള ജനവിരുദ്ധ നടപടി. കഴിഞ്ഞ മാസം മാത്രം രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. 50 രൂപയില്‍ അധികം വര്‍ധനവാണ് കഴിഞ്ഞ മാസം ഉണ്ടായത്. രണ്ടു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ പാചക വാതക സിലിണ്ടറിനു ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു.

Top