എഎ റഹീമിനെതിരായ പൊലീസ് നടപടിയിൽ സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു.

എഎ റഹീമിനെതിരായ പൊലീസ് നടപടിയിൽ സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡൽഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എംപിമാരെയും വനിതാ പ്രവർത്തരെയും മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഡൽഹിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു . ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.

അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വലിയ സുരക്ഷാ വിന്യാസമാണ് സ്ഥലത്തുള്ളത്. റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്ത് ദില്ലിയിലെ ദ്വാരക സെക്ടർ 23 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ദില്ലിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസിൽ സഞ്ചരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മലയാളി മാധ്യമപ്രവർത്തകർക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായി.

ഇതിനിടെ പദ്ധതി പിൻവലിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലാണ് ലഫ്റ്റനന്‍റ് ജനറലിന്‍റെ വിശദീകരണം.

Top